സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാരോപണം ഉയർന്നിട്ടും നടപടി സ്വീകരിക്കാത്ത സാംസ്കാരിക മന്ത്രി സജി ചെറിയാനെതിരെ തുറന്നടിച്ച് നിർമ്മാതാവ് സാന്ദ്ര തോമസ്. സാംസകാരിക മന്ത്രി കേരളത്തിലെ സ്ത്രീസമൂഹത്തിനെ നോക്കി പല്ലിളിക്കുകയാണ്. സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെക്കണമെന്നും സാന്ദ്ര തോമസ് ആവശ്യപ്പെട്ടു.
ആദരണീയയും പ്രഗത്ഭ നടിയെന്ന് തെളിയിക്കുകയും ചെയ്ത ഒരു മഹാ പ്രതിഭ പൊതുസമൂഹത്തിനു മുന്നിൽ വന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷനെതിരേ ഗുരുതരമായ ലൈംഗികാരോപണം ഉന്നയിച്ചിട്ട് ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത സാംസ്കാരിക മന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുന്നത് തികച്ചും അപലപനീയവും പ്രതിഷേധാർഹവും കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന് അപമാനവും ആണ് . സാംസ്ക്കാരിക മന്ത്രിയുടെ സ്ത്രീ വിരുദ്ധതയാണ് അദ്ദേഹത്തിന്റെ സമീപനത്തിലൂടെ പുറത്ത് വരുന്നത്.
ഗുരുതരമായ ആരോപണം ഉണ്ടായ സാഹചര്യത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് രഞ്ജിത്ത് സ്വയം ഒഴിയുകയോ അല്ലാത്ത പക്ഷം ഗവണ്മെന്റ് പുറത്താക്കുകയോ ചെയ്യണം . ലൈംഗികമായി ഒരു നടിയെ ചൂഷണം ചെയ്യാൻ ശ്രമിച്ച രഞ്ജിത്തിനെ ‘മഹാപ്രതിഭ ‘ എന്ന് പറഞ്ഞു സംരക്ഷിക്കാൻ ശ്രമിക്കുന്ന സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ രാജി വെക്കുക-സാന്ദ്ര തോമസ് പറഞ്ഞു.















