റായ്പൂർ: 2026 മാർച്ചോടെ രാജ്യത്ത് നക്സലിസം ഇല്ലാതാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യം നേരിടുന്ന വലിയ ഭീഷണിയാണ് നക്സലിസമെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂരിൽ സംഘടിപ്പിച്ച ഉന്നതതല യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നക്സൽ വിരുദ്ധ അന്തർ സംസ്‌ഥാന ഏകോപന യോഗത്തിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ്, ഉപമുഖ്യമന്ത്രി വിജയ് ശർമ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഇൻ്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ ദേക, ചീഫ് സെക്രട്ടറിമാർ, പൊലീസ് മേധാവികൾ എന്നിവർ പങ്കെടുത്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും അധികാരത്തിലെത്തിയാൽ ഛത്തീസ്ഗഡിൽ മൂന്ന് വർഷത്തിനുള്ളിൽ നക്സലിസം ഇല്ലാതാകുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അമിത് ഷാ പറഞ്ഞിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് അവസാന അവലോകനയോഗം ചേർന്നത്. ഇതിനു ശേഷം സുരക്ഷാ സേനയും രഹസ്യാന്വേഷണ ഏജൻസികളും സ്വീകരിച്ച നടപടികൾ അവലോകനം ചെയ്യുകയാണ് യോഗം ലക്ഷ്യമിടുന്നത്.
സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 2023 ഡിസംബർ മുതൽ ഈ മാസം വരെ 104 വെടിവെപ്പുകളിലായി 147 മാവോയിസ്റ്റുകളെയാണ് സുരക്ഷാ സേന വധിച്ചത്. 723 നക്സലൈറ്റുകളെ അറസ്റ്റ് ചെയ്യുകയും 622 പേർ സൈന്യത്തിന് മുന്നിൽ കീഴടങ്ങുകയും ചെയ്തു.















