ന്യൂഡൽഹി: സർക്കാർ ജീവനക്കാരുടെ ക്ഷേമത്തിനും അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിനുമുള്ള കേന്ദ്രസർക്കാരിന്റെ പ്രതിബദ്ധതയാണ് ഏകീകൃത പെൻഷൻ പദ്ധതിയുടെ (യുപിഎസ്) പ്രഖ്യാപനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
രാജ്യത്തിന്റെ പുരോഗതിക്ക് സുപ്രധാന പങ്കുവഹിക്കുന്ന ഓരോ സർക്കാർ ഉദ്യോഗസ്ഥന്റെയും കഠിനാധ്വാനത്തിൽ അഭിമാനിക്കുന്നു. സർക്കാർ ഉദ്യോഗസ്ഥർക്ക് സാമ്പത്തിക സ്ഥിരതയും അന്തസ്സും ഉറപ്പുവരുത്താൻ ഏകീകൃത പെൻഷൻ പദ്ധതിക്ക് സാധിക്കും. – പ്രധാനമന്ത്രി പറഞ്ഞു. യുപിഎസ് പദ്ധതി പ്രഖ്യാപിച്ചതിന് ശേഷം എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ദേശീയ പെൻഷൻ പദ്ധതിയാണ് (NPS) രാജ്യത്ത് നിലവിലുള്ളത്. പുതിയ പദ്ധതി 2025 ഏപ്രിൽ ഒന്നുമുതലാണ് പ്രാബല്യത്തിൽ വരിക. ഇതോടെ എല്ലാ കേന്ദ്രസർക്കാർ ജീവനക്കാർക്കും മിനിമം പെൻഷൻ തുക ഉറപ്പാക്കാൻ സാധിക്കും. 25 വർഷം സർവീസിൽ ഇരുന്ന ഒരു കേന്ദ്രസർക്കാർ ജീവനക്കാരന് അവസാന 12 മാസ കാലയളവിലെ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി ലഭിക്കുമെന്നതാണ് പുതിയ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ പെൻഷനിലേക്കുള്ള സർക്കാർ വിഹിതം 14.5 ശതമാനത്തിൽ നിന്ന് 18.5 ശതമാനമായി കേന്ദ്രസർക്കാർ ഉയർത്തിയിട്ടുണ്ട്. ഏകദേശം 23 ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.















