ന്യൂഡൽഹി: മദ്രസയിൽ അഞ്ച് വയസുകാരനെ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികൾ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി. വടക്കുകിഴക്കൻ ഡൽഹിയിലാണ് സംഭവം. കുട്ടി മരിച്ചാൽ മദ്രസയ്‌ക്ക് അവധി നൽകുമെന്ന് മൂവർ സംഘം കരുതിയിരുന്നു. ഇതെ തുടർന്നാണ് അഞ്ച് വയസുകാരനെ തല്ലിക്കൊന്നത്. 11 വയസുകാരായ രണ്ട് പേരും ഒൻപത് വയസുള്ള ഒരാളുമാണ് ആക്രമിച്ചത്.
കഴിഞ്ഞ അഞ്ച് മാസമായി മദ്രസയിൽ പഠിക്കുകയായിരുന്നു കുട്ടിയെന്ന് മാതാവ് പറഞ്ഞു. 250-ഓളം കുട്ടികളാണ് മദ്രസയിൽ മതപഠനം നടത്തുന്നത്. വെള്ളിയാഴ്ച വൈകുന്നേരം മകന് പനി പിടിപ്പെട്ടുവെന്ന് അറിയിച്ചതിനെ തുടർന്നാണ് മാതാവ് മദ്രസയിലെത്തുന്നത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.
കഴുത്ത്, വയർ തുടങ്ങിയവ ശരീരഭാഗങ്ങളിൽ ഒന്നിലേറെ മുറിവുകൾ ഉണ്ടായിരുന്നുവെന്നും മാതാവ് അറിയിച്ചു. കരൾ തകർന്നു, ആമാശയത്തിൽ രക്തസ്രാവം, ശ്വാസകോശത്തിനുള്ളിൽ രക്തസ്രാവം തുടങ്ങിയ ആന്തരിക പരിക്കുകൾ ഉണ്ടായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മരണത്തിന് ഉത്തരവാദികളായ മദ്രസ അഡ്മിനിസ്ട്രേഷനെതിരെ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കളും ജനങ്ങളും പ്രതിഷേധം സംഘടിപ്പിച്ചു.
തുർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് കുട്ടികൾ അറസ്റ്റിലാകുന്നത്. സംഭവത്തിൽ കൂടുതൽ പേരുടെ പങ്ക് അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.