തിരുവനന്തപുരം: നടൻ റിയാസ് ഖാനെതിരെയും ഗുരുതര ആരോപണവുമായി യുവനടി രേവതി സമ്പത്ത്. സിദ്ദിഖ് കൂടാതെ റിയാസ് ഖാനും മോശമായി പെരുമാറിയെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. റിയാസ് ഖാൻ ഫോണിലൂടെ അശ്ലീലം പറഞ്ഞു. സഹകരിക്കുന്ന കൂട്ടുകാരികളുണ്ടെങ്കിൽ പരിചയപ്പെടുത്താൻ ആവശ്യപ്പെട്ടുവെന്നും യുവനടി വെളിപ്പെടുത്തി.
ഒരു ദിവസം രാത്രിയാണ് റിയാസ് ഖാന്റെ ഫോൺ കോൾ വരുന്നത്. ലൈംഗികതയോട് താത്പര്യമുണ്ടോ എന്നടക്കമുള്ള പല ചോദ്യങ്ങളും അയാൾ ചോദിച്ചു. “താത്പര്യമില്ലെങ്കിൽ കുഴപ്പമില്ല, കൊച്ചിയിൽ ഒമ്പത് ദിവസം ഞാനുണ്ടാകും, ഫ്രണ്ട്സ് ആരെങ്കിലുമുണ്ടെങ്കിൽ ഒപ്പിച്ചുതന്നാൽ മതി” ഇങ്ങനെയായിരുന്നു റിയാസ് ഖാൻ സംസാരിച്ചതെന്ന് രേവതി മാദ്ധ്യമങ്ങളോട് പറഞ്ഞു. അതിന് ശേഷം അയാളുടെ പൊടിപോലും കണ്ടിട്ടില്ലെന്നാണ് യുവനടി പറയുന്നത്.
നടൻ സിദ്ദിഖിന്റെ രാജി അയാൾ അർഹിക്കുന്നത് തന്നെയാണെന്നും രേവതി സമ്പത്ത് കൂട്ടിച്ചേർത്തു. കൊടും ക്രിമിനലാണ് സിദ്ദിഖ് എന്നും അവർ ചൂണ്ടിക്കാട്ടി. സിദ്ദിഖിനെതിരേ കേസ് നൽകുന്നത് ആലോചിച്ച ശേഷം മാത്രമായിരിക്കുമെന്നാണ് രേവതി സമ്പത്ത് പറയുന്നത്.
നീതി ലഭിക്കുമെന്ന് സർക്കാരിൽ നിന്ന് ഉറപ്പു വേണം. ഒരു പോരാട്ടത്തിന് ഇറങ്ങിയാൽ ഒറ്റപ്പെട്ടു പോകരുത്. തനിക്ക് പിന്തുണ വേണം. നടൻ സിദ്ദിഖിനെതിരേ തെളിവുകൾ കൈവശമുണ്ട്. ഹോട്ടൽ ജീവനക്കാരികളോടും സിദ്ദിഖ് മോശമായി പെരുമാറി. സിദ്ദിഖിനെ സിനിമയിൽ നിന്ന് വിലക്കണമെന്നും രേവതി സമ്പത്ത് ആവശ്യപ്പെട്ടു.
രേവതി സമ്പത്തിന്റെ ആരോപണത്തെ തുടർന്ന് ഇന്നുരാവിലെ സിദ്ദിഖ് ചുമതലയൊഴിഞ്ഞിരുന്നു. താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനമാണ് സിദ്ദിഖ് രാജിവച്ചത്. രാജിക്കത്ത് അമ്മ പ്രസിഡന്റ് മോഹൻലാലിന് കൈമാറിയതായും താരം അറിയിച്ചു.















