രാജ്യത്ത് ഏകീകൃത പെൻഷൻ പദ്ധതി (Unified Pension Scheme) പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ജീവനക്കാരുടെ ഭാവി സുരക്ഷിതമാക്കാനും എല്ലാ സർക്കാർ ജീവനക്കാർക്കും മിനിമം പെൻഷൻ ഉറപ്പുവരുത്തുന്നതിനും പുതിയ പദ്ധതി സഹായകമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു.
യൂണിഫൈഡ് പേയ്മെന്റ് സ്കീം അഥവാ ഏകീകൃത പെൻഷൻ പദ്ധതിയുടെ സവിശേഷതകൾ ഇതെല്ലാം..
ഉറപ്പായ പെൻഷൻ:
25 വർഷം സർവീസിൽ കഴിഞ്ഞവർക്ക് അവരുടെ സർവീസിലെ അവസാനത്തെ 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം അഥവാ പകുതി തുക പെൻഷനായി ലഭിക്കും. പത്തിനും 25-നുമിടയിൽ വർഷത്തെ സർവീസുള്ളവർക്ക് പ്രോ റാറ്റ അടിസ്ഥാനത്തിൽ ആനുപാതികമായി പെൻഷൻ ലഭിക്കും.
കുടുംബ പെൻഷൻ:
ജീവനക്കാർ മരിച്ചാൽ അവരുടെ പെൻഷന്റെ 60 ശതമാനം കുടുംബത്തിന് നൽകും.
മിനിമം പെൻഷൻ ഉറപ്പ്:
പത്തുവർഷമെങ്കിലും സർവീസിൽ കഴിഞ്ഞവർക്ക് 10,000 രൂപ മിനിമം പെൻഷൻ ഉറപ്പാക്കും.
ഡിയർനെസ് റിലീഫ്:
സേവന കാലളവിൽ ഉണ്ടായിരുന്നത് പോലെ വിരമിക്കുമ്പോഴും ഡിയർനെസ് റിലീഫ് ലഭിക്കും. അഖിലേന്ത്യാ ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയാകും ഇത് നൽകുക.
ലംപ്സം പേയ്മെന്റ്:
വിരമിക്കുമ്പോൾ ഗ്രാറ്റ്വിറ്റിക്ക് പുറമേ ലംപ്സം പേയ്മെന്റും ലഭിക്കും. പൂർത്തിയാക്കിയ ഓരോ ആറുമാസത്തിനും വിരമിക്കുന്ന സമയത്തെ അടിസ്ഥാന ശമ്പളവും ഡിഎയും കൂട്ടിയതിന്റെ പത്തിലൊന്ന് തുക വീതം കണക്കാക്കിയാണ് ലംപ്സം പേയ്മെന്റ് നൽകുക. ഇതുണ്ടെന്ന കാരണത്താൽ പെൻഷൻ തുക കുറയുകയുമില്ല.
ഇതുകൂടാതെ പെൻഷനിലേക്കുള്ള കേന്ദ്രസർക്കാർ വിഹിതം 14 ശതമാനത്തിൽ നിന്ന് 18.5 ശതമാനമായി ഉയർത്തിയിട്ടുണ്ട്. ജീവനക്കാരുടെ വിഹിതം വർദ്ധിപ്പിച്ചിട്ടില്ല.
ദേശീയ പെൻഷൻ പദ്ധതി (NPS) പ്രകാരം വിരമിച്ചവർക്ക് യുപിഎസിലേക്ക് മാറിയാൽ പലിശ സഹിതം കുടിശ്ശിക നൽകും. പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ നിരക്കിലാകും പലിശ.
23 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്ക് പുതിയ പെൻഷൻ പദ്ധതി പ്രയോജനപ്പെടും.
സംസ്ഥാന സർക്കാരുകൾക്ക് യുപിഎസ് നടപ്പാക്കാവുന്നതാണ്. അങ്ങനെയെങ്കിൽ 90 ലക്ഷം സർക്കാർ ജീവനക്കാർക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.















