നമീബിയയിൽ വരൾച്ച കടുത്തതോടെ ദേശീയ ഉദ്യാനങ്ങളിൽ ആനകൾ, ഹിപ്പോകൾ, സീബ്രകൾ എന്നിങ്ങനെ നൂറുകണക്കിന് മൃഗങ്ങളെ മാംസത്തിനായി വേട്ടയാടാൻ ഉത്തരവ്. 83 ആനകൾ, 30 ഹിപ്പോകൾ, 100 എലാൻഡുകൾ, 300 സീബ്രകൾ എന്നിങ്ങനെ 700 ലധികം മൃഗങ്ങളെ നീക്കിവച്ചിട്ടുണ്ടെന്ന് പരിസ്ഥിതി, വനം, ടൂറിസം മന്ത്രാലയം അറിയിച്ചു.
നിലവിലുള്ള മേച്ചിൽ സമ്മർദ്ദവും ജലലഭ്യതയും നിയന്ത്രിക്കാൻ ഇത് സഹായിക്കും. ചില പാർക്കുകളിൽ വന്യജീവികളുടെ എണ്ണം കുറയ്‌ക്കണം. കാരണം, ലഭ്യമാവുന്ന ഭക്ഷണത്തിലും വെള്ളത്തിലും കൂടുതലാണ് ജീവികളുടെ എണ്ണം. കൂടാതെ ദുർബലരായ മൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണം നൽകുകയും ചെയ്യണം. ഇതിനാലാണ് ലിസ്റ്റിൽ പെടുത്തിരിക്കുന്ന മൃഗങ്ങളെ വേട്ടയാടാൻ അനുമതി നൽകിയിരിക്കുന്നതെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഭൂമിയിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ തെക്കുപടിഞ്ഞാറൻ ആഫ്രിക്കൻ രാഷ്‌ട്രമാണ് നമീബിയ. നമീബ് നൗക്‌ലഫ്റ്റ് പാർക്ക്, മംഗേട്ടി നാഷണൽ പാർക്ക്, ബ്വാബ്‌വാത നാഷണൽ പാർക്ക്, മുദുമു നാഷണൽ പാർക്ക്, എൻകാസ രൂപാര നാഷണൽ പാർക്ക് എന്നിവിടങ്ങളിൽ എന്നുള്ള മൃഗങ്ങളെയാണ് വെട്ടയാടുന്നത്. നമീബിയ ഇപ്പോൾ കടുത്ത വരൾച്ചയെ അഭിമുഖീകരിക്കുന്നു. കൃഷി നശിക്കുന്നു. വരൾച്ച കടുത്തതോടെ കഴിഞ്ഞ മെയ് മാസം രാജ്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 3 ദശലക്ഷം ആളുകളിൽ പകുതിയോളം ആളുകൾ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുകയാണ്.















