ന്യൂഡൽഹി: ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ മുന്നേറ്റങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബഹിരാകാശ മേഖലയിലുണ്ടായ പരിഷ്കാരങ്ങളിൽ നിന്ന് രാജ്യത്തെ യുവാക്കൾക്ക് വളരെയധികം പ്രയോജനം ലഭിച്ചെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഓഗസ്റ്റ് 23ന് നടന്ന ദേശീയ ബഹിരാകാശ ദിനാചരണത്തിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞു.
പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിന്റെ’ 113-ാം എപ്പിസോഡിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയിൽ ഒരുപാട് സംഭവവികാസങ്ങൾ നടക്കുന്നുണ്ട്. വികസിത ഭാരതമെന്ന സ്വപ്നത്തിന് അത് ശക്തമായ അടിത്തറ പാകുന്നു. ഉദാഹരണമായി, ഓഗസ്റ്റ് 23ന് നമ്മുടെ പൗരന്മാർ ദേശീയ ബഹിരാകാശ ദിനം ആദ്യമായി ആഘോഷിച്ചു. ചന്ദ്രയാൻ-3 ന്റെ വിജയം നാം ഒരിക്കൽ കൂടി ആഘോഷിച്ചിരിക്കുന്നു. കഴിഞ്ഞ വർഷം ഇതേ ദിവസമാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ശിവശക്തി പോയിന്റിൽ ചന്ദ്രയാൻ-3 ലാൻഡ് ചെയ്തത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ രാജ്യമെന്ന ഖ്യാതിയും ഇന്ത്യ കരസ്ഥമാക്കിയെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.
ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങളിൽ നിന്ന് രാജ്യത്തെ യുവാക്കൾക്കും ഏറെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഐഐടി മദ്രാസിന്റെ പൂർവ വിദ്യാർത്ഥികൾ ആരംഭിച്ച ബഹിരാകാശ സാങ്കേതിക സ്റ്റാർട്ടപ്പായ ഗാലക്‌സിയുടെ (Galaxeye) അധികൃതരുമായി സംവദിച്ചതിന്റെ വിവരങ്ങളും പ്രധാനമന്ത്രി പങ്കുവച്ചു.















