തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിന്റെ രാജിയിൽ സങ്കടമോ, സന്തോഷമോയില്ലെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര. ഓരോരുത്തരുടെയും മുഖംമൂടി അഴിഞ്ഞുവീഴുമ്പോൾ സിനിമാ വ്യവസായം തന്നെ തകരുമെന്നും ശ്രീലേഖ പറഞ്ഞു.
സിനിമാ മേഖലയിലെ 80 ശതമാനത്തോളം പേർ ഇങ്ങനെയെല്ലാമാണെന്നാണ് മനസിലാക്കുന്നത്. ഇത്തരത്തിലായാൽ സിനിമാ വ്യവസായം തകരും. സിനിമ നിലനിൽക്കണമെന്നാണ് താനും ആഗ്രഹിക്കുന്നതെന്നും ബംഗാളി നടി ശ്രീലേഖ മിത്ര വ്യക്തമാക്കി. സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചതിൽ പ്രതികരിച്ചുള്ള ശ്രീലേഖയുടെ ഓഡിയോ സംവിധായകൻ ജോഷി ജോസഫാണ് പുറത്തുവിട്ടത്.
പാലേരി മാണിക്യം സിനിമയിൽ അവസരമുണ്ടെന്ന് അറിഞ്ഞ് കേരളത്തിലെത്തിയ സമയത്ത് സംവിധായകൻ മോശമായി പെരുമാറിയെന്ന ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു രഞ്ജിത്തിന്റെ രാജി. നേരിട്ട ദുരനുഭവം ശ്രീലേഖ ആദ്യം പങ്കുവച്ചത് സംവിധായകൻ ജോഷി ജോസഫിനോടായിരുന്നു. നിയമപരമായ കാര്യങ്ങളിൽ ശ്രീലേഖ സൂക്ഷിച്ച് മുന്നോട്ടു പോകുമെന്നും എതിർഭാഗത്തുള്ളവർ പവർഫുളാണെന്നും തന്നെയും പിന്തിരിപ്പിക്കാനുള്ള ഫോൺ കോളുകൾ വരുന്നുണ്ടെന്നും ജോഷി ജോസഫ് കൊച്ചിയിൽ പറഞ്ഞു.
നടിമാർ ഉയർത്തിയ പരാതികൾ നിയമപരമായി പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് മന്ത്രി പി രാജീവിന്റെ പ്രതികരണം.















