മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ഭഗവൻ ശ്രീകൃഷ്ണൻ ഭൂമിയിൽ അവതരിച്ച പുണ്യദിനമാണ് ശ്രീകൃഷ്ണ ജയന്തി അഥവാ ജന്മാഷ്ടമി. കേരളത്തിൽ ഈ ദിവസത്തെ അഷ്ടമി രോഹിണി എന്നാണ് പൊതുവെ അറിയപ്പെടുന്നത്.ചിങ്ങ മാസത്തിൽ രോഹിണി നക്ഷത്രവും അഷ്ടമിയും ഒരുമിച്ച് വരുന്ന ദിനമാണ് ശ്രീകൃഷ്ണ ജയന്തിയായി ആഘോഷിക്കാറുള്ളത്.
ദേവന്മാർ നിരവധി വ്രതങ്ങൾ അനുഷ്ഠിച്ചതിന്റെ ഫലമായിട്ടാണ് ഭഗവാൻ മഹാവിഷ്ണു ലോകധര്‍മ രക്ഷാര്‍ഥം കൃഷ്ണാവതാരം പൂണ്ടത്. അങ്ങിനെയുള്ള മഹാവ്രതത്തിന്റെ സ്മൃതി പുതുക്കൽ കൂടിയാണ് അഷ്ടമി രോഹിണി. ഈ ദിനം വ്രതമെടുത്തത് വഴി ദേവന്മാര്‍ അവരുടെ ഉദ്ദിഷ്ടകാര്യം സാധിച്ചുവന്നു ഉറപ്പാണല്ലോ. അതേപോലെ ഈ അഷ്ടമിരോഹിണി പുണ്യദിനത്തിൽ വ്രതം അനുഷ്ടിക്കുന്നവരുടെ ആഗ്രഹങ്ങളും ഭഗവാന്‍ സാധിപ്പിക്കും എന്നതാണ് വിശ്വാസം.
ദ്വാപര യുഗത്തിൽ ഭദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയില്‍ രോഹിണി നക്ഷത്രത്തിലാണ് ശ്രീകൃഷ്ണന്‍ അവതരിച്ചതെന്നാണ് വിശ്വാസം. ഇക്കൊല്ലം കൊല്ലവർഷം 1200 ആണ്. ഇക്കൊല്ലത്തെ അഷ്ടമിരോഹിണി ഓഗസ്റ്റ് 26 തിങ്കളാഴ്ചയാണ്. കേരളത്തിൽ രോഹിണി നക്ഷത്രം വരുന്ന ദിവസമാണ് ജന്മാഷ്ടമി ആഘോഷിക്കുന്നത്. ഭാരതത്തിലെ മറ്റിടങ്ങളിൽ,പ്രത്യേകിച്ച് ഉത്തര ഭാരതത്തിൽ അഷ്ടമി വരുന്ന ദിവസമാണ് ആചരിക്കുന്നത്.
ഹൈന്ദവമായ ഏതാണ്ടെല്ലാ വ്രതങ്ങളും വ്രത തീയതിക്ക് മുൻ ദിവസം രാവിലെയോ മുൻ ദിവസം വൈകുന്നേരമോ തുടങ്ങണം. സമാനമായി അഷ്ടമിരോഹിണിയുടെ തലേന്ന് സൂര്യാസ്തമയം മുതലാണ് ഈ വ്രതം തുടങ്ങേണ്ടത്. തലേന്ന് രാത്രി ലഘുവായ ഭക്ഷണം മാത്രം കഴിക്കുക. പഴവര്‍ഗങ്ങള്‍, പാല്‍ ഇവ യോജ്യമാണ്. അരിയാഹാരം പൂര്‍ണമായും ഉപേക്ഷിക്കുക എന്നത് മറക്കരുത്.
ഭഗവാന്റെ അവതാരസമയം അർധരാത്രിയാണ്. ആ സമയം വരെ ശ്രീകൃഷ്ണ കഥാഗ്രന്ഥങ്ങള്‍ പ്രത്യേകിച്ച് ഭാഗവതം പാരായണം ചെയ്യണം. ജന്മാഷ്ടമി ദിനത്തില്‍ ഭാഗവതം പാരായണം ചെയ്‌താല്‍ ജന്മാന്തര പാപങ്ങള്‍ പോലും ഇല്ലാതാകുമെന്നാണ് വിശ്വാസം. നാരായണീയം, ശ്രീകൃഷ്ണ കര്‍ണാമൃതം, കൃഷ്ണഗാഥ മുതലായ ഗ്രന്ഥങ്ങളും പാരായണം ചെയ്യാം.
ശ്രീകൃഷ്ണ ജയന്തി വ്രതത്തിന്റെ അവസാനം പിറ്റേന്ന് പുലർച്ചെ ശ്രീകൃഷ്ണക്ഷേത്രത്തില്‍ ദര്‍ശനം കഴിക്കുകയും ചെയ്തതിനുശേഷം പാരണവീടുക എന്നതാണ് ചടങ്ങ്. ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഏതെങ്കിലും നിവേദ്യങ്ങൾ അർപ്പിക്കണം. പാൽപ്പായസം, ഇളനീർ, നെയ്യപ്പം, എന്നിവ വിശേഷമാണ്. വെണ്ണ നിവേദ്യം,തൃക്കേ വെണ്ണ ഉണ്ണിക്കണ്ണന് അങ്ങേയറ്റം വിശേഷമാണ്.
അഷ്‌ടമി രോഹിണി ദിവസം സന്താന ഗോപാലമന്ത്രം ജപിക്കുക വിശേഷമാണ്. മന്ത്രോപദേശമുള്ളവർ രാജഗോപാല മന്ത്രം ജപിക്കാവുന്നതാണ്. മന്ത്രോപദേശം ഉള്ളവരും ഇല്ലാത്തവർക്കും ഓം നമോ നാരായണായ എന്ന അഷ്ടാക്ഷരി ജപിക്കാം.
ജാതകവശാല്‍ ആയുസ്സിന് മാന്ദ്യം ഉളളവര്‍ ആയുര്‍ഗോപാലമന്ത്രം ജപിക്കണം. വിദ്യാഭ്യാസ പുരോഗതിക്കും വിദ്യാവിജയത്തിനും വിജയത്തിനും വിദ്യാഗോപാല മന്ത്രം ജപിക്കണം.
വിദ്യാർത്ഥികളും പഠിതാക്കളും ഹയഗ്രീവ മൂർത്തിയെ ആണ് ഉപാസിക്കേണ്ടത്. അഷ്ടമിരോഹിണി നാളില്‍ ”ഹയഗ്രീവ ഗോപാല മന്ത്രം” ജപിക്കണം.
”ഉല്‍ഗിരല്‍ പ്രണവോല്‍ഗീഥ
സര്‍വ്വ വാഗീശ്വരേശ്വരാ
സര്‍വ്വ വേദമയാചിന്ത്യ
സര്‍വ്വം ബോധയ ബോധയ”
എന്നതാണ് ”ഹയഗ്രീവ ഗോപാല മന്ത്രം”.
സന്താന ഗോപാല / രാജ ഗോപാലമന്ത്രത്താല്‍ അഷ്ടമിരോഹിണി നാളില്‍ ശ്രീകൃഷ്‌ണപ്രതിഷ്‌ഠയുളള ക്ഷേത്രത്തില്‍ പൂജ നടത്തുന്നതും ശ്രേഷ്‌ഠമാണ്. ആയുര്‍ ഗോപാലമന്ത്രം, വിദ്യാ ഗോപാലമന്ത്രം, ഹയഗ്രീവ ഗോപാലമന്ത്രം എന്നീ മന്ത്രങ്ങൾ കൊണ്ടുള്ള അർച്ചനകൾ നടത്താവുന്നതാണ്.
അഷ്‌ടമിരോഹിണി ദിവസം തുളസിത്തൈ നടുന്നതും കൃഷ്ണ ക്ഷേത്രങ്ങളിൽ തുളസീഹാരം സമർപ്പിക്കുന്നതും വിശേഷമാണ്.