അഷ്ടമിരോഹിണി ദിനാശംസകളുമായി ബന്ധപ്പെട്ട് നടി രചനാ നാരായണൻകുട്ടി പങ്കുവെച്ച വരികൾ ശ്രദ്ധ നേടുന്നു. ജ്ഞാനപ്പാനയിലെ വരികൾ പങ്കുവെച്ചുകൊണ്ടാണ് നടി ആശംസകൾ അറിയിച്ചിരിക്കുന്നത്. വെറുമൊരു ആശംസ എന്നതിനപ്പുറം സമകാലിക സംഭവവുമായി ബന്ധപ്പെടുത്തി വരികളിലെ അർത്ഥം വായിച്ചെടുക്കുകയാണ് ജനങ്ങൾ.
“രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ. മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ”-എന്ന വരികളാണ് ജ്ഞാനപ്പാനയിൽ നിന്നും കടമെടുത്തുകൊണ്ട് രചന ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വരികൾ പങ്കുവെച്ചതിനാൽ പല അർത്ഥങ്ങളും ഇതിൽ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ജനങ്ങൾ പ്രതികരിക്കുന്നു.
അമ്മ ജനറൽ സെക്രട്ടറി സ്ഥാനം നടൻ സിദ്ദിഖും ചലച്ചിത്ര അക്കാദമി സ്ഥാനം സംവിധായകൻ രഞ്ജിത്തും രാജിവച്ചതിന് പിന്നാലെ കൂടിയാണ് ജ്ഞാനപ്പാനയിലെ വരികൾ പങ്കുവെച്ചുകൊണ്ടുള്ള രചന നാരായണൻകുട്ടിയുടെ അഷ്ടമി രോഹിണി ആശംസ. കൂടുതൽ നടന്മാരുടെ പേരുകൾ പുറത്തുവരുന്നതിനിടയിൽ നടി പങ്കുവെച്ച വരികളുടെ അർത്ഥം ജനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. നിരവധി പേരാണ് രചനയെ അഭിനന്ദിച്ചുകൊണ്ട് താരത്തിന്റെ കമന്റ് ബോക്സിൽ പ്രത്യക്ഷപ്പെടുന്നത്.