പട്ന: ഓൺലൈൻ ഗെയിം കളിയ്‌ക്കാൻ അനുവദിക്കാത്തതിൽ പ്രകോപിതനായി കയ്യിൽ കിട്ടിയതെല്ലാം വിഴുങ്ങി യുവാവ്. ബിഹാറിലെ മോത്തിഹാരിയിലാണ് സംഭവം. വീട്ടുകാർ ഓൺലൈൻ ഗെയിം കളിയ്‌ക്കാൻ അനുമതി നൽകാത്തതിനെ തുടർന്നാണ് യുവാവിന്റെ അപകടകരമായ പ്രവർത്തി.
‘ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ’ എന്ന ഓൺലൈൻ ഗെയിം കളിയ്‌ക്കാൻ യുവാവിനെ വീട്ടുകാർ സമ്മതിച്ചില്ല. ഇതിൽ പ്രകോപിതനായി ഇയാൾ കയ്യിൽ കിട്ടിയ താക്കോൽ കൂട്ടവും കത്തിയും രണ്ട് നഖം വെട്ടികളും ഒന്നിനുപുറകെ ഒന്നായി വിഴുങ്ങുകയായിരുന്നു. ഇത്രയേറെ സാധനങ്ങൾ വിഴുങ്ങിയിട്ടും ആദ്യമൊന്നും യുവാവ് ശാരീരികാസ്വാസ്ഥ്യങ്ങൾ ഒന്നും പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ കുറച്ച് കഴിഞ്ഞ് ഇയാളുടെ ആരോഗ്യനില മോശമാവുകയായിരുന്നു. തുടർന്ന് വീട്ടുകാർ ഇയാളെ ആശുപത്രിയിൽ എത്തിച്ചു.
ആശുപത്രി അധികൃതർ നടത്തിയ എക്സ്റേയിൽ ഇയാൾ വിഴുങ്ങിയ വസ്തുക്കൾ വയറ്റിനുള്ളിൽ കണ്ടെത്തി. തുടർന്ന് ഒന്നരമണിക്കൂർ നീണ്ട ശാസ്ത്രക്രിയയിലൂടെയാണ് ഈ വസ്തുക്കളെല്ലാം പുറത്തെടുത്തത്. ഇയാളുടെ ആരോഗ്യ നില നിലവിൽ തൃപ്തികരമാണെന്നും അപകടനില തരണം ചെയ്തതായും ഡോക്ടർമാർ അറിയിച്ചു.















