ചണ്ഡീഗഡ്: പിശാചിനെ മോചിപ്പിക്കാനെന്ന പേരിൽ യുവാവിനെ അടിച്ചുകൊന്ന് പാസ്റ്റർ. പഞ്ചാബിലെ ഗുർദാസ്പൂരിലാണ് 30 കാരനായ യുവാവിനെ പിശാചിന്റെ പേരിൽ പാസ്റ്ററും സംഘവും ചേർന്ന് അടിച്ചുകൊന്നത്. ഗുർദാസ്പൂരിലെ ധരിവാൾ സ്വദേശിയായ സാമുവൽ മസിഹാണ് പാസ്റ്ററുടെ മർദ്ദനത്തിൽ കൊല്ലപ്പെട്ടത്.
അപസമര രോഗമുണ്ടായിരുന്നതിനാൽ ഇയാൾക്ക് ഉറക്കെ നിലവിളിക്കുന്ന ശീലമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സാമുവലിന്റെ രോഗശാന്തിക്കായി പ്രാർത്ഥന നടത്താൻ പ്രദേശത്തുള്ള പാസ്റ്റർ ജേക്കബ് മസിഹിനെ കുടുംബം വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. സാമുവലിന് പിശാചിന്റെ ബാധയാണെന്ന് പാസ്റ്റർ വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് ഇയാളും മറ്റ് 8 പേരും ചേർന്ന് മർദ്ദിക്കുകയായിരുന്നു. വീട്ടുകാർ ഇത് ചോദ്യം ചെയ്തപ്പോൾ യുവാവിന് ഒന്നും സംഭവിക്കുകയില്ലെന്ന് പാസ്റ്റർ ഉറപ്പുനൽകുകയായിരുന്നു.
എന്നാൽ മർദ്ദനമേറ്റ സാമുവൽ വീട്ടിൽവച്ചുതന്നെ മരിച്ചു. തുടർന്ന് മൃതദേഹം വീട്ടുകാർ ചേർന്ന് അടക്കം ചെയ്തു. ദിവസങ്ങൾക്ക് ശേഷം യുവാവിന്റെ ഭാര്യയും അമ്മയും ചേർന്ന് പാസ്റ്റർക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസെത്തി സാമുവലിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പുറത്തെടുത്തു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പാസ്റ്ററിനും മറ്റ് എട്ട് പേർക്കുമെതിരെ ഭാരതീയ ന്യായ സംഹിതയിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.















