തിരുവനന്തപുരം: ഷിരൂരിൽ മണ്ണിടിഞ്ഞു കാണാതായ അർജ്ജുനായുള്ള തെരച്ചിൽ പുനരാരംഭിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ലോറി ഉടമകളുടെയും തൊഴിലാളികളുടെയും സംയുക്ത സമിതി. വിഷയത്തിൽ സംസ്ഥാന സർക്കാരിൽനിന്ന് ഇതുവരെയും അനൂകൂല നടപടികൾ ഒന്നുമുണ്ടാകാത്ത സാഹചര്യത്തിലാണ് സമിതിയുടെ തീരുമാനം. പ്രതികൂല കാലാവസ്ഥയും ഗംഗാവലിപുഴയിലെ അടിയൊഴുക്കും കാരണം തെരച്ചിൽ പല തവണ നിർത്തി വച്ചിരുന്നു.
പ്രാദേശിക മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപെയും സംഘവും തെരച്ചിലിന് സന്നദ്ധത അറിയിച്ചിരുന്നെങ്കിലും ജില്ലാ കളക്ടറോ സംസ്ഥാന സർക്കാരോ പിന്നീട് ഇത് സംബന്ധിച്ച നടപടികളൊന്നും കൈക്കൊണ്ടിരുന്നില്ല. പുഴയിൽ നിന്നും മണ്ണുമാറ്റി പരിശോധിക്കുന്നതിനായി ഗോവയിൽ നിന്നും ഡ്രെഡ്ജർ കൊണ്ടുവരുമെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുന്നു.
അതേസമയം, ഡ്രെഡ്ജർ എത്തിക്കാൻ ആവശ്യമായ തുക മുടക്കാൻ തയാറാണെന്ന് സംയുക്ത സമിതി അറിയിച്ചു. കൂടാതെ തിരച്ചിൽ പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് സംയുക്ത സമിതി മുഖ്യമന്ത്രിയെക്കാണും. തൃപ്തികരമായ മറുപടി ഉണ്ടായില്ലെങ്കിൽ നിരാഹാര സമരം ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്നും സമിതി അംഗങ്ങൾ പറഞ്ഞു. കർണാടക ഉപമുഖ്യമന്ത്രി DK ശിവകുമാറിനെ കാണാൻ കുടുംബത്തിന് ഇതുവരെ അനുവാദം ലഭിച്ചില്ലെന്നും അർജുന്റെ ലോറി ഉടമ മനാഫ് കോഴിക്കോട് പറഞ്ഞു.