അതിക്രൂരമായി ആക്രമണം നേരിട്ട അതിജീവിതയുടെ പോരാട്ടത്തിന്റെ റിസൾട്ടാണ് ഈ ഹേമ കമ്മിറ്റി റിപ്പോർട്ടെന്ന് സംവിധായകൻ ആലപ്പി അഷറഫ്. ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ഉന്നതർ തന്നെയാണ് വലയിൽ വീണിരിക്കുന്നതെന്നും കൂടുതൽ നടിമാർ ധൈര്യത്തോടെ മുന്നിലേക്ക് വന്ന് സത്യങ്ങൾ വെളിപ്പെടുത്തുകയാണെന്നും ആലപ്പി അഷറഫ് പറഞ്ഞു. ജനംടിവി ഡിബേറ്റിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.
പൊതുജനങ്ങളോടാണ് നടിമാർ വേദനയോടെ അവർ നേരിട്ട അനുഭവങ്ങൾ തുറന്നുപറയുന്നത്. സിനിമ തുടങ്ങുമ്പോൾ സാധാരണ കാണിക്കുന്ന കാർഡുകൾ പോലെ, ഈ സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകളെയും പെൺകുട്ടികളെയും സംവിധായകന്മാരോ നിർമാതാക്കളോ നടമാരോ ആരും ഉപദ്രവിച്ചിട്ടില്ലെന്ന് സിനിമ തുടങ്ങുമ്പോൾ എഴുതി കാണിക്കേണ്ട അവസ്ഥയാണ് ഇന്ന്.
അമ്മ പോലുള്ള സംഘടനയിലുള്ള പലർക്കെതിരെയും ആരോപണങ്ങൾ ഉയരുന്നുണ്ട്. പവർ ഗ്രൂപ്പിലെ അംഗങ്ങളും അമ്മ സംഘടനക്കുള്ളിൽ ഉണ്ടായിരിക്കാം. സർക്കാർ ഇനിയും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നോക്കരുത്. നാലര വർഷം സർക്കാർ ഈ റിപ്പോർട്ട് പൂഴ്‌ത്തിവച്ചുകൊണ്ട് ജനങ്ങളെ കബളിപ്പിച്ചു. വേട്ടക്കാരെ രക്ഷിക്കുന്നതിന് വേണ്ടിയാണ് സർക്കാർ ഈ നിലപാട് സ്വീകരിച്ചത്. സാംസ്കാരിക മന്ത്രിയുടേത് ഉൾപ്പെടെയുള്ള പ്രസ്താവനകൾ വളരെയധികം ബാലിശമായിരുന്നു. ഇപ്പോൾ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
കുറ്റം ചെയ്തിട്ടുള്ള കുറ്റവാളികളെ പുറത്തുകൊണ്ടുവരണം. സ്വകാര്യത വേണ്ടത് ഇരകൾക്ക് മാത്രമാണ്. വേട്ടക്കാർക്കാണ് ഇവിടെ സ്വകാര്യത കൊടുക്കുന്നത്. ലോകത്തിലാദ്യമായാണ് വേട്ടക്കാർക്ക് സ്വകാര്യത കൊടുക്കുന്നുവെന്ന് കേൾക്കുന്നത്. ഇച്ഛാശക്തിയുള്ള ഭരണകക്ഷികൾ വന്നാൽ ഇതിനൊക്കെ മാറ്റം വരും. ഇത്തരം സംഭവങ്ങളൊക്കെ അടിച്ചമർത്താൻ സാധിക്കും. ക്രൂരത കാണിക്കുന്നവരുടെ ഒപ്പം നിൽക്കുമ്പോഴാണ് ജനങ്ങൾ സർക്കാരിന് എതിരാകുന്നത്. ക്രൂരമുഖങ്ങളാണ് സ്ത്രീകളെ അക്രമിക്കുന്നതെന്നും ആലപ്പി അഷറഫ് പറഞ്ഞു.















