ന്യൂഡൽഹി: വിവാദമായി രേണുകാസ്വാമി കൊലക്കേസ് പ്രതി കന്നഡ നടൻ ദർശൻ തൂഗുദീപയുടെ ജയിലിൽ നിന്നുള്ള ചിത്രങ്ങൾ. നടന് ജയിലിൽ പ്രത്യേക പരിഗണ ലഭിക്കുന്നുവെന്ന ആരോപണങ്ങൾ ശരിവെക്കുന്നതാണ് പുറത്തുവന്ന ചിത്രങ്ങൾ. നിലവിൽ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് ദർശനെ പാർപ്പിച്ചിരിക്കുന്നത്.
ജയിലിനുള്ളിൽ തുറസ്സായ സ്ഥലത്ത് ഒരു കയ്യിൽ കോഫിയും മറ്റൊന്നിൽ സിഗരറ്റും പിടിച്ചിരിക്കുന്ന ദർശന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ദർശനൊപ്പം മറ്റ് മൂന്നു പേരുമുണ്ട്. ഗുണ്ടാത്തലവൻ വിൽസൺ ഗാർഡൻ നാഗയും മറ്റ് അന്തേവാസികളായ നാഗരാജും (ദർശന്റെ മാനേജർ) കുള്ള സീനയുമാണ് (കൂട്ടുപ്രതി) ചിത്രത്തിൽ ദർശനൊപ്പമുള്ളവർ. നേരത്തെ ജയിലിനുള്ളിൽ വീട്ടിലെ ഭക്ഷണം, കിടക്ക തുടങ്ങിയ സുഖസൗകര്യങ്ങൾക്കായി ദർശൻ കോടതിയെ സമീപിച്ചിരുന്നു.
രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജൂണിലാണ് ദർശനും കൂട്ടാളികളും അറസ്റ്റിലാകുന്നത്. ഫോട്ടോ വ്യാപകമായി പ്രചരിച്ചതോടെ ജയിലിനുള്ളിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നോ എന്ന സംശയമാണ് ചിത്രം ഉയർത്തുന്നത്. സംഭവത്തിൽ അന്വേഷണം നടത്താൻ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദർശനടക്കം 17 പേരാണ് സുഹൃത്ത് പവിത്ര ഗൗഡയ്‌ക്കൊപ്പം ജുഡീഷ്യൽ കസ്റ്റഡിയിലുള്ളത്.















