തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്ന്കാരിയെ തിരുവനന്തപുരത്തെത്തിച്ചു. പ്രത്യേക സംഘത്തോടൊപ്പമാണ് വിശാഖപട്ടണത്തുനിന്നും കുട്ടിയെത്തിയത്. പെൺകുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. ട്രെയിനിലാണ് സംഘം പെൺകുട്ടിക്കൊപ്പം വിശാഖപട്ടണത്തുനിന്നും തിരുവനന്തപുരത്തെത്തിയത്.
പെൺകുട്ടിയെ തിങ്കളാഴ്ച മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി മൊഴിയെടുക്കും. പെൺകുട്ടിയെ മാതാപിതാക്കൾക്ക് വിട്ടുനൽകുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കില്ല. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ ശിശുക്ഷേമ സമിതിയുടെ പ്രത്യേക സിറ്റിംഗ് ചേരുമെന്നാണ് വിവരം. കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയെ വിശാഖപട്ടണത്ത് വച്ച് മലയാള സമാജം പ്രവർത്തകരാണ് കണ്ടെത്തിയത്. തുടർന്ന് കേരളത്തിൽ നിന്നും അഞ്ചംഗ പോലീസ് സംഘം വിശാഖപട്ടത്തിലേക്ക് പോയി പെൺകുട്ടിയെ കൂട്ടികൊണ്ട് വരികയായിരുന്നു. അമ്മ ശകാരിച്ചതിനെത്തുടർന്നാണ് അസം സ്വദേശിയയായ പെൺകുട്ടി വീട് വിട്ടിറങ്ങിയത്.















