ന്യൂഡൽഹി: ജന്മാഷ്ടമി ആശംസകൾ നേർന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. രാജ്യത്തെ എല്ലാ പൗരന്മാർക്കും, വിദേശത്തുളള ഭാരതീയർക്കും ആശംസകളറിയിക്കുന്നതായി രാഷ്‌ട്രപതി പറഞ്ഞു.
സന്തോഷത്തിന്റെ ഈ ഉത്സവം ഭഗവാൻ ശ്രീകൃഷ്ണന്റെ മഹത്തായ ആശയങ്ങളിൽ സ്വയം സമർപ്പിക്കാനുളള പ്രചോദനമാകട്ടെയെന്നും രാഷ്‌ട്രപതി കുറിച്ചു. ഭഗവാൻ ശ്രീകൃഷ്ണനും അർജുനനും സംവദിക്കുന്ന ഭഗവദ്ഗീതയിലെ സംഭാഷണങ്ങൾ മനുഷ്യകുലത്തിന് മുഴുവൻ പ്രചോദനവും പ്രകാശവും നൽകുന്നതാണെന്നും രാഷ്‌ട്രപതി ഓർമ്മിപ്പിച്ചു.
ഭഗവാൻ ശ്രീകൃഷ്ണൻ പകർന്നു നൽകുന്ന പാഠങ്ങൾ ഹൃദിസ്ഥമാക്കി രാജ്യ പുരോഗതിയിലും അഭിവൃദ്ധിയിലും ഭാഗമാകാൻ പ്രതിജ്ഞ ചെയ്യാമെന്നും രാഷ്‌ട്രപതി പറഞ്ഞു. തിങ്കളാഴ്ചയാണ് രാജ്യം ജൻമാഷ്ടമി ആഘോഷിക്കുന്നത്.















