കോഴിക്കോട്: ആരോപണങ്ങൾ തെളിയുന്നതുവരെ ആരോപണങ്ങളാണെന്നും എന്നാൽ ഇവിടെ ആരോപണങ്ങൾ തെളിയിക്കപ്പെടുന്നത് വരെ ആ വ്യക്തി കുറ്റവാളി തന്നെയാണെന്നാണ് എല്ലാവരും പറയുകയെന്നും അതാണ് ഇവിടുത്തെ സംവിധാനമെന്നും സംവിധായകൻ മേജർ രവി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ആഴ്ച മാദ്ധ്യമങ്ങൾ എന്നെയും കുറ്റവാളിയാക്കിയിരുന്നു. ആരുടെയോ പണം തട്ടിയെടുത്തുവെന്ന് പറഞ്ഞു. എനിക്ക് അറിയാം ഞാൻ അങ്ങനെ ചെയ്തിട്ടില്ലെന്ന്. തീർച്ചയില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കരുത്. നിങ്ങൾക്ക് അവിടെയും ഇവിടെയുമൊക്കെ പറയാം. പക്ഷെ എൻഡ് ഓഫ് ദ ഡേ അത് തെറ്റാണെന്ന് തോന്നുന്ന സമയത്ത് നിങ്ങൾക്ക് ഒരു കുറ്റബോധം ഉണ്ടാക്കാൻ ഇടയാക്കരുത്.
മറ്റവനെപ്പറ്റിയുളള കുറ്റങ്ങൾ പറയുന്നത് കേൾക്കാൻ എല്ലാവർക്കും ഒരു സുഖമാണ് അത് മനുഷ്യന്റെ ഫീലിംഗ്‌സ് ആണ്. അവർ അതിൽ യാതൊരു തരത്തിലും ഉൾപ്പെട്ടിട്ടില്ലെങ്കിൽ അവരുടെ മാനസീകാവസ്ഥ നിങ്ങൾ മനസിലാക്കണമെന്നും മേജർ രവി പറഞ്ഞു. ഇതിനെക്കുറിച്ച് ഇപ്പോൾ എന്ത് പറഞ്ഞാലും അസ്ഥാനത്തായിരിക്കും.
എല്ലാ സംസ്ഥാനങ്ങളിലും സിനിമയ്‌ക്കായി ഒരു നയമുണ്ട്. പക്ഷെ കേരളത്തിൽ അതില്ല. ഒരു പക്ഷെ അത് വന്നാൽ ഇത്തരം കാര്യങ്ങൾക്ക് പരിഹാരമുണ്ടാകാമെന്ന് മേജർ രവി പറഞ്ഞു. സർക്കാർ ഒരു തീരുമാനമെടുക്കട്ടെ. സർക്കാർ പറഞ്ഞിട്ടുണ്ടല്ലോ പരാതി കിട്ടിയാൽ കേസെടുക്കുമെന്ന്. അങ്ങനെയുണ്ടെങ്കിൽ അത് ചെയ്യട്ടെ. കമ്മീഷൻ കാര്യങ്ങൾ പറഞ്ഞു, ഇനി സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും മേജർ രവി പറഞ്ഞു.















