കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെ പൊലീസിൽ പരാതി നൽകി ബംഗാളി നടി ശ്രീലേഖ മിത്ര. കൊച്ചി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയിരിക്കുന്നത്. കടവന്ത്രയിലെ ഫ്ലാറ്റിൽ വച്ച് ലൈംഗിക താത്പര്യത്തോടെ ശരീരത്തിൽ സ്പർശിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. സ്ത്രീത്വത്തെ അപമാനിച്ച സംവിധായകനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. അതിക്രമ വിവരം ഡോക്യുമെന്റററി ഡയറക്ടർ ജോഷി ജോസഫിനെ അറിയിച്ചിരുന്ന കാര്യവും ശ്രീലേഖ മിത്ര നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ രഞ്ജിത്തിനെതിരെ പൊലീസിൽ പരാതി നൽകില്ലെന്നായിരുന്നു ശ്രീലേഖ മിത്രയുടെ നിലപാട്. എന്നാൽ നടിയുടെ ആരോപണത്തിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവയ്‌ക്കാൻ രഞ്ജിത്ത് നിർബന്ധിതനായിരുന്നു. നടിയുടെ ആരോപണം വ്യാജമാണെന്നും നടിക്കെതിരെ നിയമപരമായി നീങ്ങാൻ ഒരുങ്ങുകയാണെന്നും രഞ്ജിത്ത് അറിയിച്ചതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ശ്രീലേഖ മിത്ര പരാതി നൽകിയത്.
പാലേരി മാണിക്യം എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്തതിന്റെ പുറത്ത് കേരളത്തിലെത്തിയപ്പോഴായിരുന്നു സംവിധായകൻ രഞ്ജിത്തിൽ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്നതെന്ന് ശ്രീലേഖ മിത്ര വ്യക്തമാക്കിയിരുന്നു. എന്നാൽ ശ്രീലേഖ വിവരിച്ച കാര്യങ്ങളിൽ ഒരുഭാഗം നുണയാണെന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ബംഗാളി നടിയുടെ ആരോപണമെന്നും രഞ്ജിത്ത് പ്രതികരിച്ചിരുന്നു.















