തിരുവനന്തപുരം/കൊച്ചി/ കോഴിക്കോട്: നാടും നഗരവും അമ്പാടിയാക്കി ഉണ്ണിക്കണ്ണൻമാരും ഗോപികമാരും. ജൻമാഷ്ടമിയോട് അനുബന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടന്ന ശോഭായാത്രയിൽ ആയിരക്കണക്കിന് ഉണ്ണിക്കണ്ണൻമാരാണ് അണിനിരന്നത്. വാദ്യമേളങ്ങൾക്കും കൃഷ്ണസ്തുതികൾക്കുമൊപ്പം ഗോപികമാർ നൃത്തം വച്ചതോടെ ക്ഷേത്രമുറ്റങ്ങളും നഗരവീഥികളുമൊക്കെ വൃന്ദാവനമായി മാറി. പുണ്യമീ മണ്ണ്, പവിത്രമീ ജന്മം എന്ന ആശയത്തിലാണ് ഇക്കുറി ബാലഗോകുലം ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ സംഘടിപ്പിച്ചത്.
ബാലഗോകുലം തിരുവനന്തപുരം മഹാനഗരത്തിന്റെ ശ്രീകൃഷ്ണജയന്തി ഘോഷയാത്ര കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ടാണ് ഘോഷയാത്ര ആരംഭിച്ചത്. തുടർന്ന് കൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി. പ്രകൃതിയാണ് ദൈവമെന്നും സ്ത്രീ സുരക്ഷയെപ്പറ്റിയും കൃഷ്ണൻ പഠിപ്പിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൃഷ്ണന്റെ നന്മകൾ ഉണ്ണിക്കണ്ണന്മാരിലൂടെ പുനരവതരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ആർഎസ്എസ് മുതിർന്ന പ്രചാരകൻ എസ് സേതുമാധവൻ, മുൻകേന്ദ്രമന്ത്രി വി മുരളീധരൻ, ജനം ടി വി എംഡി എസ് രാജശേഖരൻ നായർ, തിരുവിതാംകൂർ രാജകുടുബാംഗം ആദിത്യ വർമ്മ തുടങ്ങിയവരും പങ്കെടുത്തു. കേരള യൂണിവേഴ്‌സിറ്റി വിസി ഡോ. മോഹൻ കുന്നുമ്മൽ ഗോകുലപതാക കൈമാറി.
ബാലഗോകുലം കൊച്ചി മഹാനഗരത്തിന്റെ നേതൃത്വത്തിൽ നടന്ന ശോഭായാത്രകൾ എറണാകുളം ജോസ് ജംഗ്ഷനിൽ സംഗമിച്ചു. പിന്നീട് മഹാശോഭായാത്രയായി എറണാകുളത്തപ്പൻ ക്ഷേത്ര മൈതാനത്ത് എത്തി സമാപിച്ചു.
ബാലഗോകുലം തൃശ്ശൂർ മഹാനഗരത്തിന്റെ മഹാശോഭായാത്ര പാറമേക്കാവിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഉദ്ഘാടനം ചെയ്തത്. വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന ശോഭയാത്രകൾ പാറമേക്കാവിൽ സംഗമിച്ചു. തുടർന്ന് മഹാശോഭായാത്രയായി വടക്കുംനാഥ ക്ഷേത്ര സന്നിധിയിലേക്ക് എത്തി. ബാലഗോകുലത്തിന്റെ വയനാട് സ്‌നേഹനിധി സമർപ്പണവും ചടങ്ങിന്റെ ഭാഗമായി നടന്നു. ശോഭായാത്ര പതാക സുരേഷ് ഗോപി കൈമാറി. കോഴിക്കോട് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനും സംവിധായകനുമായ മേജർ രവിയാണ് ശോഭായാത്ര ഉദ്ഘാടനം ചെയ്തത്.