ഗുരുവായൂർ: ഭഗവാന്റെ ജന്മനാളിൽ ഭക്തിയിൽ ലയിച്ച് ഗുരുപവനപുരി. ജൻമാഷ്ടമിയിൽ ഭഗവാന്റെ ദർശനപുണ്യം തേടിയെത്തിയത് ആയിരക്കണക്കിന് ഭക്തരാണ്. ദർശനം നടത്തി ഭഗവാന്റെ ജൻമദിനത്തോട് അനുബന്ധിച്ചുളള പിറന്നാൾ സദ്യയിലും പങ്കെടുത്ത ശേഷമാണ് ഭക്തർ മടങ്ങിയത്.
രാവിലെ ഒൻപത് മണിക്ക് വിശേഷാൽ പ്രസാദ ഊട്ട് തുടങ്ങിയിരുന്നു. ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ ക്ഷേത്രംതന്ത്രി ബ്രഹ്‌മശ്രീ ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ ഗുരുവായൂരപ്പന്റെ ചിത്രത്തിന് മുൻപിലെ തൂശനിലയിൽ ആദ്യം വിഭവങ്ങൾ വിളമ്പി ഭഗവാന് സമർപ്പിച്ചു. ഭരണസമിതിയംഗങ്ങളായ കെപി വിശ്വനാഥൻ, രവീന്ദ്രൻ, അഡ്മിനിസ്‌ട്രേറ്റർ കെപി വിനയൻ എന്നിവരും സന്നിഹിതരായിരുന്നു.
ഗുരുവായൂരപ്പന് നിവേദിച്ച പാൽപ്പായസം ഉൾപ്പെടെ വിഭവസമൃദ്ധമായ സദ്യവട്ടമായിരുന്നു ഒരുക്കിയിരുന്നത്. കാൽ ലക്ഷം പേർക്കാണ് കണ്ണന്റെ പിറന്നാൾ സദ്യ ഒരുക്കിയത്.

അഭൂതപൂർവ്വമായ ഭക്തജന തിരക്കാണ് ഭഗവാന്റെ ജന്മനാളിൽ ഗുരുവായൂരിൽ അനുഭവപ്പെട്ടത്. രാധാകൃഷ്ണ വേഷധാരികളായി കുരുന്നുകൾ അണിനിരന്നതോടെ ക്ഷേത്രവും പരിസരവും വൃന്ദാവനമായി മാറി. ആടിയും പാടിയും കണ്ണന്റെ പിറന്നാൾ കൃഷ്ണ – ഗോപിക വേഷധാരികളായ കുരുന്നുകൾ ആഘോഷമാക്കി.
മമ്മിയൂർ ക്ഷേത്രത്തിൽ നിന്നും രാവിലെ ഗുരുവായൂരിലേക്ക് ഘോഷയാത്ര നടന്നിരുന്നു. രാവിലെ ക്ഷേത്രത്തിൽ പ്രത്യേക ശീവേലി എഴുന്നള്ളിപ്പ് ഉണ്ടായിരുന്നു. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ക്ഷേത്രത്തിനകത്ത് പ്രദക്ഷിണം, ശയന പ്രദക്ഷിണം, അടി പ്രദക്ഷിണം തുടങ്ങിയവ ഒഴിവാക്കിയിരുന്നു. വിഐപി ദർശന സൗകര്യവും ഒഴിവാക്കി.















