തിരുവനന്തപുരം: ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നടിമാരും സിനിമയിലെ വനിതാ അണിയറ പ്രവർത്തകരും നടത്തിയ വെളിപ്പെടുത്തലുകളെയും പരാതികളെയും കുറിച്ച് അന്വേഷിക്കാൻ സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യയോഗം ഇന്ന്. പരാതികളിൽ സ്വീകരിക്കേണ്ട തുടർ നടപടികൾ ചർച്ച ചെയ്യും.
സംവിധായകൻ രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ച ബംഗാൾ നടി ശ്രീലേഖ മിത്ര ഇന്നലെ ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമം സംബന്ധിച്ച പഴയ ഐപിസി 354 വകുപ്പ് പ്രകാരം രഞ്ജിത്തിനെതിരെ നോർത്ത് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. നിരവധി പേർ മറ്റ് നടൻമാർക്കെതിരെയും ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. പലരും പരാതി നൽകാൻ തയ്യാറാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യോഗം.
അന്വേഷണത്തിന്റെ രീതി, ആരോപണമുന്നയിച്ചവരുടെ മൊഴിയെടുക്കുന്നത് തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കുകയാണ് യോഗത്തിന്റെ അജണ്ട. ആരോപണം ഉയർത്തിയവരെ മുഴുവൻ നേരിട്ട് സമീപിക്കാനാണ് ഇപ്പോഴുള്ള ധാരണ. ആരോപണങ്ങളിൽ ഉറച്ച് നിന്നാൽ തുടർ നടപടികളിലേക്ക് കടക്കും. 7 അംഗ അന്വേഷണ സംഘത്തിലെ നാല് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ചായിരിക്കും മൊഴി രേഖപ്പെടുത്തുക.
ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണ രൂപവും അന്വേഷണ പരിധിയിൽ വരാനാണ് സാധ്യത. അങ്ങനെയെങ്കിൽ റിപ്പോർട്ടിന്റെ പകർപ്പ് അന്വേഷണ സംഘം സർക്കാരിനോട് ആവശ്യപ്പെടും. മാധ്യമങ്ങൾക്ക് മുന്നിൽ മറച്ചുവച്ച ഭാഗങ്ങളും സർക്കാരിന് കൈമാറേണ്ടി വരും.
പോലീസ് ഐജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ ഉയർന്ന വനിതാ പോലീസ് ഓഫീസർമാർ ഉൾപ്പെടുന്ന പ്രത്യേക അന്വേഷണസംഘമാണ് സർക്കാർ രൂപീകരിച്ചത്. ഡിഐജി എസ്. അജീത ബീഗം, ക്രൈംബ്രാഞ്ച് ഹെഡ് ക്വാർട്ടേഴ്സ് എസ്പി മെറിൻ ജോസഫ്, കോസ്റ്റൽ പോലീസ് എഐജി ജി. പൂങ്കുഴലി, കേരള പോലീസ് അക്കാദമി അസി. ഡയറക്ടർ ഐശ്വര്യ ഡോങ്ക്റെ തുടങ്ങിയവരാണ് സംഘത്തിലെ വനിതാ അംഗങ്ങൾ. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് ആണ് അന്വേഷണസംഘത്തിന് മേൽനോട്ടം വഹിക്കുക.