ന്യൂഡൽഹി: നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷത്തിൽ എത്തുന്ന ‘എമർജൻസി’ സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ കങ്കണയ്‌ക്കെതിരെ വധഭീഷണിയുമായി സിഖ് തീവ്രവാദ സംഘടനകൾ. ചിത്രത്തിന്റെ ട്രെയിലറുകൾ കഴിഞ്ഞ ദിവസമാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് കങ്കണയ്‌ക്ക് വീഡിയോ വഴി ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. ഇത് സംബന്ധിച്ച് കങ്കണ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഖാലിസ്ഥാൻ ഭീകരൻ ഭിന്ദ്രൻവാലെയെ കുറിച്ച് ഉൾപ്പെടെ ചിത്രത്തിൽ പരാമർശമുണ്ട്. ഇന്ദിരാഗാന്ധിയുടെ അവസ്ഥ നിങ്ങൾക്കും വരുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. ” ഭിന്ദ്രൻവാലെയെ തീവ്രവാദിയായി ചിത്രീകരിക്കാനാണ് ശ്രമമെങ്കിൽ, നിങ്ങൾ ഇപ്പോൾ അഭിനയിക്കുന്ന ഇന്ദിരാഗാന്ധിയുടെ അവസ്ഥ എന്താണെന്ന് ഓർക്കണം. സത്വന്ത് സിങ്ങിനും ബിയാന്ത് സിങ്ങിനും വേണ്ടി ഇനിയും തലകൾ അറുത്തുമാറ്റുമെന്നും” വീഡിയോ സന്ദേശത്തിൽ പറയുന്നു.
1984 ഒക്ടോബർ 31ന് ഇന്ദിരാഗാന്ധിയെ കൊലപ്പെടുത്തിയത് അവരുടെ അംഗരക്ഷകരായിരുന്ന സത്വന്ത് സിങ്ങും ബിയാന്ത് സിങ്ങുമായിരുന്നു. ഭീഷണി സന്ദേശത്തിന്റെ വീഡിയോയും കങ്കണ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. സിഖ് സമുദായത്തെ മോശക്കാരാക്കി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് ചിത്രം നിരോധിക്കണമെന്ന ആവശ്യവുമായി സിഖ് സംഘടനകൾ രംഗത്തെത്തിയിരുന്നു. സിഖ് സമുദായത്തെ വിഘടനവാദികളാക്കി ചിത്രീകരിക്കുന്നത് ശരിയല്ലെന്നാണ് ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി പറഞ്ഞത്.















