കൊച്ചി: ഇങ്ങനെയൊക്കെയാണ് എന്ന് പറയുന്ന രീതിയിലേക്ക് സിനിമാ മേഖല അധ:പതിച്ചുവെന്ന് നടി ഗായത്രി വർഷ. സ്ത്രീപക്ഷ നിലപാടില്ലാതെ പല സ്ത്രീവിരുദ്ധ പ്രവണതകളും ശീലങ്ങളുമായി കുറെ കഴിയുമ്പോൾ ഇങ്ങനെയൊക്കെയാണ് എന്ന് പറയുകയാണ്. ഇത്രയും താഴെപ്പോയിടത്ത് നിന്ന് കരകയറ്റണമെങ്കിൽ നിശ്ചയ ദാർഢ്യത്തോടെയുളള നടപടികൾ വേണമെന്നും നടി ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ നടൻമാർക്കെതിരെ ഉയരുന്ന ആരോപണങ്ങളിലാണ് ഗായത്രി വർഷയുടെ പ്രതികരണം.
നിയമത്തിന്റെയും ധാർമ്മികതയുടെയും വശങ്ങളിൽ നിന്ന് ഒരു സ്ത്രീയ്‌ക്ക് കിട്ടേണ്ട എല്ലാ പരിഗണനയും ഇക്കാര്യത്തിൽ കിട്ടണം. സിനിമയിലെ നിസ്സഹായാവസ്ഥ ഉണ്ട്. രണ്ട് കാര്യങ്ങളിലാണ് സ്ത്രീകൾ സിനിമയിലേക്ക് വരുന്നത്. ഒന്ന് ഉൾവിളിയാണ്. കഴിവുളള ആളുകളുടെ തൃഷ്ണയാണ് എനിക്ക് അത് ചെയ്യണമെന്ന് കരുതി അത് ഒരു പാഷൻ ആയി കൊണ്ടു നടക്കുന്നവർ. രണ്ടാമത്തേത് തീർത്തും നിസ്സഹായമായി മറ്റൊരു ജോലിയും ഇല്ലാതിരിക്കുമ്പോൾ അവനവന്റെ മെറിറ്റ്‌സിലുളള ആത്മവിശ്വാസത്തിൽ നിന്ന് വരുന്നതാണ്. അതായത് സൗന്ദര്യത്തിലും കഴിവിലുമുളള ആത്മവിശ്വാസത്തിൽ നിന്ന്. ഈ രണ്ടിടത്തെയും നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യുകയെന്നത് ഗുരുതരമായ തെറ്റാണ്. ആ തെറ്റിന് അതിന്റേതായ അർത്ഥത്തിലുളള നടപടി വേണം. അത് നിയമത്തിന്റെ ആനുകൂല്യം പറ്റി മറുവശത്തേക്ക് പോകാതിരിക്കാനുളള പ്രിവിലേജും സ്ത്രീയ്‌ക്ക് ലഭിക്കണമെന്ന് ഗായത്രി വർഷ പറഞ്ഞു.
ആരോപണം ഉന്നയിച്ചവർ പരാതി നൽകണം. പരാതി നൽകാത്തത് മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ്. കാരണം നേരത്തെ പരാതി കൊടുത്തിട്ട് ആ പരാതികൾ പരിഗണിക്കപ്പെടാതിരിക്കുകയും പരാതി കൊടുത്ത ആളുകളെ മോശമായി ചിത്രീകരിക്കുകയും ചെയ്ത സാഹചര്യങ്ങൾ ഉണ്ട്. എന്റെ വിവാഹത്തിന് മുൻപ് പല കേസുകളിലും പരാതി നൽകിയിരുന്നു. എന്നാൽ ഔദ്യോഗിക പദവികളിൽ ഇരിക്കുന്ന പൊലീസുകാർ ലൊക്കേഷനിൽ വന്ന് ഇതിനെ ലഘൂകരിക്കും. നിങ്ങൾ ഒരു സ്റ്റാർ അല്ലേ ആർട്ടിസ്റ്റല്ലേ നിങ്ങൾക്ക് നാണക്കേടല്ലേ എന്ന് ചോദിക്കും.
അത്ര നിരുത്തരവാദപരമായി സമീപിച്ചുകൊണ്ടിരുന്ന ഇടത്ത് നിന്നാണ് ഇത്ര ശക്തമായ ഇടം കിട്ടിയിരിക്കുന്നത്. വലിയ സ്‌പേയ്‌സ് ആണിത്. അത് അനിവാര്യമായിരുന്നു അതിന്റെ ആനുകൂല്യം ഊർജ്ജമാക്കി സ്ത്രീകൾ വരണമെന്നും ഗായത്രി വർഷ ആവശ്യപ്പെട്ടു. അമ്മയുടെ തലപ്പത്തേക്ക് സ്ത്രീകൾ വരുന്നത് സംബന്ധിച്ച ചോദ്യങ്ങളോട് ഒരു റബർ സ്റ്റാമ്പ് പോലെ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് ഒരു സ്ത്രീ വന്നിരിക്കരുത് എന്നായിരുന്നു ഗായത്രിയുടെ മറുപടി.















