ന്യൂയോർക്ക്: സ്പേസ് എക്സിന്റെ പ്രഥമ ബഹിരാകാശ നടത്ത (സ്പേസ് വോക്ക്) ദൗത്യ സംഘത്തിൽ മലയാളിയും. സ്പേസ് എക്സിലെ മെഡിക്കൽ വിദഗ്ധനും മലയാളിയുമായ ഡോ. അനിൽ കുമാറിന്റെ ഭാര്യ അന്ന മേനോൻ ഉൾപ്പെട്ട നാലംഗ സംഘമാണ് ഇന്ന് ബഹിരാകാശത്തേക്ക് കുതിക്കുന്നത്.
പൊളാരിസ് ഡോൺ (Polaris Dawn) എന്ന പേരിലുള്ള അഞ്ച് ദിന ദൗത്യമായ സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകം റിസൈലൻസ് ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെൻ്ററിൽ നിന്ന് ഇന്ന് കുതിച്ചുയരും. രണ്ടാം തവണ ബഹിരാകാശ നടത്തുന്ന ശതകോടീശ്വരനും ഷ്ഫ്ട്4 പേയ്മെന്റ്സ് സിഇഒയുമായ ജാറഡ് ഐസ്മാൻ, സ്പേസ് എക്സ് എഞ്ചിനീയറായ സാറാ ഗിലിസ്, യുഎസ് എയർഫോഴ്സ് മുൻ പൈലറ്റായ 20-കാരൻ സ്കോട്ട് പൊറിറ്റ് എന്നിവരാണ് അന്നയ്‌ക്കൊപ്പം സ്പേസ് വാക്ക് ദൗത്യസംഘത്തിൽ ഉൾപ്പെട്ടവർ.
ഇത്തരമൊരു യാത്രയിൽ പങ്കെടുക്കുന്ന ആദ്യ വനിതകളാണ് അന്നയും ഗിലിസും. സ്പേസ് എക്സ് രണ്ടര വർഷം കൊണ്ട് വികസിപ്പിച്ചെടുത്ത ഇവിഎ സ്യൂട്ടുകൾ ധരിച്ചാകും ഇവർ ബഹിരാകാശത്ത് നടക്കുക. നാസയുടെ അപ്പോളോ ദൗത്യത്തിന് ശേഷം മനുഷ്യർ ഇതുവരെ എത്തിയിട്ടില്ലാത്തതും ഭൂമിയിൽ നിന്ന് 1,400 കിലോമീറ്റർ അകലെയുള്ളതുമായ വാൻ അലൻ റേഡിയേഷൻ ഭ്രമണപഥത്തിൽ ഇവരുടെ പേടകം സഞ്ചരിക്കും. ബഹിരാകാശ വാഹനങ്ങൾ ഇതുവരെ കൈവരിച്ച ഏറ്റവും ഉയർന്ന ഭൗമ ഭ്രമണപഥത്തിലെത്തുക, ബഹിരാകാശ യാത്രികർ നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾ വിലയിരുത്തുക എന്നിവയാണ് ദൗത്യത്തിന്റെ ലക്ഷ്യം.
സ്പേസ് എക്സിൽ ലീഡ് സ്പേസ് ഓപ്പറേഷൻസ് എഞ്ചിനീയറാണ് അന്ന മേനോൻ. യുഎസ് വ്യോമസേനയിലെ ലഫ്. കേണലും (റിസർവ്) സ്പേസ് എക്സ് കമ്പനിയുടെ മെഡിക്കൽ ഡയറക്ടറുമാണ് ഭർത്താവ് അനിൽ മേനോൻ. യുഎസിലേക്ക് കുടിയേറിയ ശങ്കരൻ മേനോന്റെയും യുക്രെയ്ൻകാരിയായ ലിസ സാമോലെങ്കോയുടെയും മകനാണ് അനിൽ.















