മുംബൈ: മുംബൈ നഗരത്തെ നവി മുംബൈയുമായി ബന്ധിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും നീളമേറിയ കടൽപ്പാലമായ അടൽ സേതുവിലൂടെ കഴിഞ്ഞ ഏഴ് മാസത്തിനിടെ കടന്നു പോയത് 50 ലക്ഷത്തിലധികം വാഹനങ്ങളാണെന്ന് റിപ്പോർട്ട്. ഏഴ് മാസം മുൻപാണ് പാലം ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്മെന്റ് അതോറിറ്റിയാണ് ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് പുറത്ത് വിട്ടത്.
ജനുവരി 13നും ഓഗസ്റ്റ് 26നും ഇടയിലുള്ള കണക്കുകളാണിത്. ബ്രിഹൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട്, നവി മുംബൈ മുനിസിപ്പൽ ട്രാൻസ്പോർട്ട്, മഹാരാഷ്‌ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ശിവനേരി ബസുകൾ ഉൾപ്പെടെ 50,04,350 വാഹനങ്ങളാണ് ഇത്ര ദിവസം കൊണ്ട് പാലത്തിലൂടെ കടന്നു പോയത്. ശരാശരി 22,000ത്തോളം വാഹനങ്ങൾ ഓരോ ദിവസവും ഇത് വഴി പോകുന്നതായി റിപ്പോർട്ടിൽ പറയുന്നു.
47.40 ലക്ഷം കാറുകൾ, 50,020 മിനി ബസുകളും ലൈറ്റ് മോട്ടോർ വാഹനങ്ങളും, 59,799 ഡബിൾ ആക്സിൽ വാഹനങ്ങൾ, 73,074 ത്രീ ആക്സിൽ വാഹനങ്ങൾ, 80,277 ഫോർ-സിക്സ് ആക്സിൽ വാഹനങ്ങൾ, 503 ഓവർസൈസ് വാഹനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നതായി അധികൃതർ വ്യക്തമാക്കി. മുംബൈയിലെ ശിവ്‌രിയേയും നവി മുംബൈയിലെ നവ ശേവയേയും തമ്മിലാണ് പാലം ബന്ധിപ്പിക്കുന്നത്. ജനുവരി 12നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. തൊട്ടടുത്ത ദിവസം തന്നെ ഇത് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തിരുന്നു.















