കലാരംഗത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് മിമിക്രി കലാകാരൻ സൈനാൻ കേടമംഗലം. ഷൂട്ടിന് വിളിച്ച ശേഷം വണ്ടിക്കാശ് പോലും തരാതെ നടൻ സുരാജ് വെഞ്ഞാറമൂട് തന്നെ പറഞ്ഞു വിട്ടിട്ടുണ്ടെന്ന് സൈനാൻ വെളിപ്പെടുത്തി. വർഷങ്ങളോളം ഒരുമിച്ച് ഉണ്ടായിരുന്നവരാണ് സുരാജും താനും. സുരാജിൽ നിന്ന് നേരിടേണ്ടിവന്ന ദുരനുഭവം വേദനിപ്പിക്കുന്നതാണെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സൈനാൻ കേടമംഗലം പറഞ്ഞു.
“ഞാൻ ഒരിടത്തും എത്തിയില്ലായിരിക്കും, പക്ഷേ എന്റെ ഒപ്പം ഉണ്ടായിരുന്നവരും എന്റെ ശിഷ്യന്മാരും നല്ല നിലകളിൽ എത്തി. അതിൽ എനിക്ക് സന്തോഷവും അഭിമാനവും ഉണ്ട്. ബിജുക്കുട്ടൻ, സുധീർ പറവൂർ ഇവരെല്ലാം എന്റെ ശിഷ്യന്മാരാണ്. എനിക്ക് എന്തെങ്കിലും ചെയ്തു തന്നിട്ടുണ്ടെങ്കിൽ അത് രമേശ് പിഷാരടിയാണ്. പിഷാരടിയെ ഞാൻ മരിക്കുന്ന കാലത്തോളം മറക്കില്ല. എനിക്ക് കലാരംഗത്ത് നല്ല അനുഭവങ്ങളും മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്”.
“ഒരിക്കൽ സുരാജ് വെഞ്ഞാറമൂട് ഒരു സീരിയൽ പിടിക്കുന്ന സംഭവം ഉണ്ടായി. എന്നോട് രണ്ടാഴ്ചത്തെ ഡേറ്റ് ചോദിച്ചു, ഞാൻ ചെന്നു. ഷൂട്ട് തുടങ്ങുന്ന ദിവസം രാവിലെ സുരാജ് വന്നു പറഞ്ഞു, സൈൻ അണ്ണന് ആ സീന് ഇല്ല എന്ന്. പൊയ്‌ക്കോ എന്ന് പറഞ്ഞ് വണ്ടി കാശ് പോലും തരാതെ സുരാജ് എന്നെ പറഞ്ഞു വിട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് വച്ചായിരുന്നു സംഭവം. രണ്ടുവർഷം ഞാനും സുരാജ് ഒന്നിച്ചു കളിച്ചവരാണ്. എന്നിട്ടാണ് എന്നോട് അങ്ങനെ പെരുമാറിയത്. എന്നാൽ അതിന്റെ ഗ്രൂപ്പ് ഓണർ നല്ല മനുഷ്യനായിരുന്നു. അദ്ദേഹം എനിക്ക് മാറ്റി നിർത്തി വണ്ടിക്കാശ് തന്നു വിട്ടു”.
“ഒന്നിച്ചു കളിച്ചു വന്ന കലാകാരന്മാരാണ് ഞങ്ങൾ. അന്നുണ്ടായ അനുഭവം മറക്കാൻ കഴിയില്ല. ഇന്നുവരെ സുരാജ് എന്നെ വിളിച്ചിട്ടില്ല. ഒന്നും ചെയ്തു തന്നിട്ടില്ല. അന്ന് വണ്ടി കാശ് പോലും തരാതെ പറഞ്ഞുവിട്ടതിൽ പിന്നെ സുരാജിനെ ഞാനും വിളിച്ചിട്ടില്ല. പ്രോഗ്രാം ചെയ്ത് ഒന്നും എനിക്ക് വലുതായി ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല”-സൈനാൻ പറഞ്ഞു.















