ന്യൂയോർക്ക്: ഇലോൺ മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സ് നടത്താനിരുന്ന പ്രഥമ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യം മാറ്റിവച്ചു. പൊളാരിസ് ഡോൺ വിക്ഷേപണമാണ് മാറ്റിവച്ചത്. പേടകത്തിൽ നിന്നും ഹീലിയം ചോരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിക്ഷേപണം മാറ്റിവച്ചതെന്ന് സ്‌പേസ് എക്‌സ് കുറിച്ചു.
ദൗത്യം ബുധനാഴ്ച (നാളെ) നടത്തും. സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും സ്‌പേസ് എക്‌സ് അധികൃതർ വ്യക്തമാക്കി. ഇന്ന് നടത്താനിരുന്ന വിക്ഷേപണമാണ് മാറ്റിവച്ചത്. നാസയുടെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നും ബുധനാഴ്ച പേടകം കുതിച്ചുയരുമെന്നും സ്‌പേസ് എക്‌സ് വ്യക്തമാക്കി.
അഞ്ച് ദിവസത്തെ ദൗത്യത്തിനായി മലയാളിയും സ്‌പേസ് എക്‌സിലെ മെഡിക്കൽ വിദഗ്ധനുമായ ഡോ. അനിൽ മേനോന്റെ ഭാര്യ അന്ന മേനോൻ ഉൾപ്പെടെ 4 പേരെയാണ് നിശ്ചയിച്ചിരുന്നത്. രണ്ടാം തവണ ബഹിരാകാശ യാത്ര നടത്തുന്ന ശതകോടീശ്വരനും ഷ്ഫ്ട്4 പേയ്‌മെന്റ്‌സ് സിഇഒയുമായ ജാറഡ് ഐസ്മാൻ, സ്‌പേസ് എക്‌സ് എൻജിനീയറായ സാറാഗിലിസ്, യുഎസ് എയർഫോഴ്‌സ് മുൻ പൈലറ്റായ 20-കാരൻ സ്‌കോട്ട് പൊറിറ്റ് എന്നിവരാണ് ദൗത്യത്തിലെ മറ്റ് സഞ്ചാരികൾ.















