ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഭാരത് രാഷ്‌ട്ര സമിതി നേതാവ് (ബിആർഎസ്) നേതാവ് കെ കവിതയ്‌ക്ക് ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയും കളളപ്പണം വെളുപ്പിക്കൽ കേസുമാണ് കവിതയ്‌ക്ക് എതിരെയുളളത്. കഴിഞ്ഞ മാർച്ച് 15 നാണ് കവിത അറസ്റ്റിലായത്.
ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. നിലവിൽ സിബിഐ യും ഇഡിയും അന്വേഷണം നടത്തി വരുന്ന കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും ഇരുകേസുകളിലുമായി 10 ലക്ഷം രൂപ വീതം ബോണ്ട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി പാസ്‌പോർട്ടും വിചാരണ കോടതിയിൽ സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
അഞ്ച് മാസമായി കവിത ജയിലിൽ കഴിയുകയാണ്. വിചാരണ പൂർത്തിയാകാൻ ഇനിയും സമയമെടുക്കുമെന്നും കോടതി നിരീക്ഷിച്ചു. ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം അനുവദിച്ച സാഹചര്യത്തിൽ കവിതയ്‌ക്കും ജാമ്യം അനുവദിക്കണമെന്നും ഒരു സ്ത്രീയാണെന്ന പരിഗണന നൽകണമെന്നും കവിതയ്‌ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി കോടതിയിൽ വാദിച്ചു.