എറണാകുളം: താര സംഘടനയായ അമ്മയുടെ ഭരണസമിതി പൂർണമായി പിരിച്ചുവിട്ടതിന് പിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി വുമൺ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യു സി സി). മലയാള സിനിമാ രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കാമെന്ന സന്ദേശത്തോടെയായിരുന്നു ഡബ്ല്യു സി സി രംഗത്തെത്തിയത്.
‘ പുനരാലോചിക്കാം, പുനർനിർമിക്കാം, മാറ്റങ്ങൾക്കായി ഒന്നിച്ചു നിൽക്കാ’മെന്ന് സംഘടന ഫെയ്‌സ്ബുക്കിൽ കുറിച്ചു. നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുകയെന്നത് നമ്മുടെ കടമയാണ്. അതിനാൽ ഇനി നമുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാമെന്നും ഡബ്ല്യു സി സി വ്യക്തമാക്കി.
ഇന്ന് ഉച്ചയോടെയാണ് അമ്മയുടെ ഭരണസമിതി കൂട്ടരാജി വച്ചത്. പ്രസിഡന്റായിരുന്ന മോഹൻലാൽ ഉൾപ്പെടെയുള്ളവരാണ് രാജിവച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ സംഘടനയിലെ ഭാരവാഹികൾക്കെതിരെയും ലൈംഗികാരോപണങ്ങൾ ഉയർന്നതോടെയാണ് താരങ്ങളുടെ കൂട്ടരാജി.















