തിരുവനന്തപുരം: കട്ടിംഗ് സൗത്ത് പ്രചരണത്തിനെതിരെ കേസരി സംഘടിപ്പിക്കുന്ന മാദ്ധ്യമ കോൺക്ലേവ് 29 ന് തലസ്ഥാനത്ത് നടക്കും. ബ്രിഡ്ജിംഗ് സൗത്ത് സമ്മേളനം വിഘടനവാദം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചചെയ്യും. തിരുവനന്തപുരം സൗത്ത് പാർക്കിൽ രാവിലെ 10 മുതലാണ് സമ്മേളനം നടക്കുകയെന്ന് സംഘാടകരായ കേസരി ദേശീയവാരിക ചീഫ് എഡിറ്റർ ഡോ. എൻ.ആർ മധു വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ദക്ഷിണ സംസ്ഥാനങ്ങൾ ഉത്തര ഭാരതത്തിൽ നിന്നും വേറിട്ടതാണെന്ന പ്രചാരണത്തിനു പിന്നിലെ മാദ്ധ്യമ താല്പര്യങ്ങളെ സെമിനാർ വിശകലനം ചെയ്യും. രാഷ്‌ട്ര വിധ്വംസക പ്രവർത്തനത്തിന് ഇടമായി മാറുന്ന കേരളം പോലുളള ഒരു സംസ്ഥാനത്ത് ഉയർന്ന കട്ടിംഗ് സൗത്ത് വാദം രാഷ്‌ട്രസ്‌നേഹികളെ ഏറെ വിഷമിപ്പിക്കുന്ന കാര്യമാണെന്ന് എൻ.ആർ മധു ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിൽ കേസരി ദേശീയ വാരിക കഴിഞ്ഞ ഡിസംബറിൽ ഡൽഹിയിൽ വിഷയം ചർച്ചയാക്കി ബ്രിഡ്ജിംഗ് സൗത്ത് എന്ന പേരിൽ ഹോട്ടൽ അശോകയിൽ വച്ച് കോൺക്ലേവ് നടത്തിയിരുന്നു. അത് വിജയകരമായിരുന്നു. ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തു. തുടർന്ന് രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം ഇത്തരം ആശയസംവാദങ്ങൾ കേസരിയുടെ ആഭിമുഖ്യത്തിൽ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നുവെന്നും അതിന്റെ ഭാഗമായിട്ടാണ് തിരുവനന്തപുരത്തെ കോൺക്ലേവ് എന്നും അദ്ദേഹം പറഞ്ഞു.
ഉത്തരേന്ത്യയിൽ നിന്നും വ്യത്യസ്തമായായ നിലപാടുകളിലാണ് ദക്ഷിണ ഭാരതം ഊന്നൽ നൽകേണ്ടതെന്ന രീതിയിൽ ആസൂത്രിതമായ പ്രചാരണം വ്യാപകമാണ്. ഇത്തരം ദുഷ്പ്രചാരണം നടത്തുന്ന മാദ്ധ്യമ അജണ്ടകൾക്കെതിരെയാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ അഖണ്ഡക്ക് ഭംഗം വരുത്തുന്ന ഇത്തരം പ്രവണതകൾ സെമിനാർ ചർച്ച ചെയ്യുമെന്നും സംഘാടകർ അറിയിച്ചു.
വിഘടനവാദ ആശയങ്ങൾക്ക് അക്കാദമിക് മേഖലയിലെ പങ്ക്, ചില മാദ്ധ്യമങ്ങളുടെ ദേശവിരുദ്ധത തുടങ്ങിയ വിഷയങ്ങൾ കോൺക്ലേവ് ചർച്ച ചെയ്യും. തമിഴ്‌നാട് ഗവർണർ ആർ.എൻ രവി ഉദ്ഘാടനം ചെയ്യും. മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, മുൻ ഡിജിപി ടി.പി സെൻകുമാർ, പ്രജ്ഞപ്രവാഹ് ദേശീയ സംയോജകൻ ജെ നന്ദകുമാർ തുടങ്ങിയവർ പങ്കെടുക്കും.















