കൊച്ചി: സഹസംവിധായകനും ശില്പിയുമായ അനിൽ സേവ്യർ (39) അന്തരിച്ചു. ഹിറ്റ് ചിത്രങ്ങളായ തല്ലുമാല, ജാൻ എ മൻ, മഞ്ഞുമ്മൽ ബോയ് എന്നീ ചിത്രങ്ങലിൽ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനത്തിൽ ഫുട്ബോൾ കളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭൗതിക ദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിന് നൽകണമെന്ന തീരുമാനം നടപ്പാക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കളമശ്ശേരി മെഡിക്കൽ കോളജ് വിദ്യാർഥികൾക്കാണ് ശരീരം കൈമാറുക.
നാളെ രാവിലെ 11 മുതൽ വസതിയിലും നാസ് ഓഡിറ്റോറിയത്തിൽ മൂന്ന് മണിവരെയും പൊതുദർശനം നടത്തും. അങ്കമാലി കിടങ്ങൂർ പുളിയേൽപ്പടി വീട്ടിൽ പി. എ സേവ്യറാണ് പിതാവ്. മാതാവ്: അൽഫോൻസ സേവ്യർ, സഹോദരൻ: അജീഷ്. ചിത്രകാരിയായ ഭാര്യ അനുപമ ഏലിയാസിനുമാെപ്പം കലാപരിശീലനം നൽകി വരികയായിരുന്നു. തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നിന്ന് ബിഎഫ്എ പൂർത്തിയാക്കിയ അദ്ദേഹം ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ ശിൽപ്പകലയിൽ എംഎഫ്എയും നേടി.















