തിരുവനന്തപുരം: താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയായി നടനും എംഎൽഎയുമായ മുകേഷ് പറഞ്ഞ കാര്യങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് നടി മിനു മുനീർ. മുകേഷിന്റെ പ്രസ്താവന സമൂഹമാദ്ധ്യമങ്ങളിലൂടെയും മറ്റും പുറത്തുവന്നതിന് പിന്നാലെ മാദ്ധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലാണ് അവസരം ചോദിച്ചു സമീപിച്ചുവെന്ന മുകേഷിന്റെ വാദം അടിസ്ഥാന രഹിതമാണെന്ന് അവർ പറഞ്ഞത്.
മുകേഷിന്റെ അടുത്തെന്നല്ല ഒരു നടന്റെ അടുത്തും അവസരം ചോദിച്ച് പോയിട്ടില്ല. താനും ഭർത്താവും ബ്ലാക്ക്‌മെയിൽ ചെയ്തുവെന്നാണ് അടുത്ത ആരോപണം. എന്നാൽ ഒരു എംഎൽഎ ആയ ഒരാളെ ബ്ലാക്ക്‌മെയിൽ ചെയ്താൽ എന്തുകൊണ്ട് കേസെടുത്തില്ലെന്ന് മിനു ചോദിച്ചു. അദ്ദേഹത്തിന് ഏത് സ്‌റ്റേഷനിൽ വേണമെങ്കിലും ഈ നമ്പരിൽ നിന്ന് എന്നെ ഒരു സ്ത്രീ ബ്ലാക്ക് മെയിൽ ചെയ്തു എന്ന് വിളിച്ചു പറയാം. അല്ലെങ്കിൽ എന്റെ ഭർത്താവ് ബ്ലാക്ക്‌മെയിൽ ചെയ്തുവെന്ന് പറയാം. എന്തുകൊണ്ടാണ് അത് പറയാതിരുന്നതെന്ന് മിനു മുനീർ ചോദിച്ചു.
ഞാൻ ഒരു ആരോപണം ഉന്നയിച്ചപ്പോൾ അതിന് പിന്നാലെയാണ് ഇതൊക്കെ ചെയ്യുന്നത്. രക്ഷപെടാൻ മുകേഷ് പലതും പറയും. എന്നോട് പറഞ്ഞത് അതേ രീതിയിൽ തിരിച്ചുപറയാൻ കാലം എനിക്ക് തന്ന അവസരമാണിത്. നിയമത്തിന്റെ എല്ലാ പഴുതുകളും ഞാൻ അടച്ചുകഴിഞ്ഞു. തന്റെ പരാതിയിൽ എഫ്‌ഐആർ ഇടാൻ പോകുന്ന സാഹചര്യത്തിലാണ് മുകേഷിന്റെ പ്രതികരണമെന്നും അവർ ചൂണ്ടിക്കാട്ടി. താൻ പണം ആവശ്യപ്പെട്ടെന്ന മുകേഷിന്റെ ആരോപണവും അവർ നിഷേധിച്ചു.
2009 ൽ അവസരം തേടുന്നയാൾ എന്ന് പറഞ്ഞുകൊണ്ടാണ് തന്നെ ഒരു സ്ത്രീ ഫോണിൽ ബന്ധപ്പെട്ടതെന്നും വ്യക്തിപരമായ കൂടിക്കാഴ്ചയ്‌ക്കായി ഫോട്ടോ ആൽബവുമായി വീട്ടിൽ വന്നപ്പോഴാണ് മിനു കുര്യൻ എന്ന് പരിചയപ്പെടുത്തിയതെന്നും ഉൾപ്പെടെയാണ് മുകേഷ് വിശദീകരിച്ചത്. പിന്നീട് 2022 ൽ ഇതേ സ്ത്രീ വീണ്ടും വിളിച്ച് മിനു മുനീർ എന്ന് പറഞ്ഞ് പരിചയം പുതുക്കി. പിന്നീട് വലിയ ഒരു സാമ്പത്തിക സഹായം ആവശ്യപ്പെട്ടു. പിന്നാലെ ഭർത്താവും വിളിച്ചുവെന്ന് ആയിരുന്നു മുകേഷിന്റെ മറുപടി. പണം ആവശ്യപ്പെട്ട് നിരന്തരം ബ്ലാക്ക് മെയിൽ ചെയ്തിരുന്നതായും മുകേഷ് പറഞ്ഞിരുന്നു.















