കൊൽക്കത്ത: സ്ത്രീ സുരക്ഷയെക്കുറിച്ച് ബംഗാൾ സർക്കാരിനെ ഓർമ്മപ്പെടുത്താൻ നടത്തിയ നബന്ന അഭിജാൻ പ്രതിഷേധത്തിൽ വ്യാപക സംഘർഷം. പലയിടത്തും പൊലീസുകാർ പ്രതിഷേധക്കാരെ പിന്തുടർന്ന് വേട്ടയാടുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. കൊൽക്കത്തയിലും സമീപത്തെ ഹൗറയിലുമായിരുന്നു കൂടുതലും സംഘർഷമുണ്ടായത്.
ആർജി കാർ മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ ജൂനിയർ വനിതാ ഡോക്ടറുടെ അർദ്ധനഗ്ന മൃതദേഹം കണ്ടെത്തിയതോടെയാണ് മമത സർക്കാരിനെതിരെ പ്രതിഷേധം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ പ്രതിഷേധം രൂക്ഷമായിരുന്നില്ല. എന്നാൽ സർക്കാർ പ്രതികളെ രക്ഷപെടുത്താൻ ഒത്തുകളിച്ചതോടെ പ്രതിഷേധം ശക്തമാകുകയായിരുന്നു. രാജ്യമൊട്ടുക്കും ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് പല രീതിയിലുളള പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇതിനൊടുവിലായിരുന്നു നബന്ന അഭിജാൻ പ്രതിഷേധം.
200 ലധികം പേരെ നബന്ന മാർച്ചുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസുകാർക്കും 30 ഓളം പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. രാവിലെ സാന്ദ്രഗാച്ചി മേഖലയിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. എന്നാൽ പൊലീസിന്റെ ബാരിക്കേഡുകൾ മറിച്ചിടാൻ നോക്കിയതോടെ ലാത്തിച്ചാർജ്ജിലേക്കും ബലപ്രയോഗത്തിലേക്കും പൊലീസ് നീങ്ങി.
പശ്ചിമബംഗാൾ സെക്രട്ടറിയേറ്റിന് ചുറ്റും ഉൾപ്പെടെ കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ബിജെപി ബംഗാളിൽ ഇന്ന് 12 മണിക്കൂർ പൊതുപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി തേടി തെരുവിലിറങ്ങിയവർക്ക് നേരെ അതിക്രൂരമായ ആക്രമണമാണ് മമതയുടെ പൊലീസ് നടത്തിയതെന്ന് ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടി.















