തിരുവനന്തപുരം: സിനിമാ ചിത്രീകരണത്തിനിടെ സെക്രട്ടറിയേറ്റിൽ വെച്ച് പീഡനം നടന്നെന്ന ആരോപണം വിവാദമാകുന്നു. ഇതിനെക്കുറിച്ച് പ്രത്യേക അന്വേഷണം വേണ്ടിവരും എന്നാണ് സൂചന. പ്രത്യേക സാഹചര്യങ്ങളിൽ സിനിമാ ചിത്രീകരണത്തിന് സെക്രട്ടറിയേറ്റിൽ അനുമതിനൽകാറുണ്ട്.
അതിസുരക്ഷാമേഖലയായ സെക്രട്ടറിയേറ്റിൽ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികപീഡനമുണ്ടായെന്ന നടിയുടെ ആരോപണമാണ് ഇപ്പോൾ പുതിയ വിവാദം ആകുന്നത്. ചിത്രീകരണത്തിനിടെ ഇടനാഴിയിൽവെച്ച് യുവനടൻ കടന്നുപിടിച്ച് ചുംബിച്ചെന്നാണ് കഴിഞ്ഞദിവസം ഒരു നടി മാധ്യമങ്ങൾക്കുമുന്നിൽ വെളിപ്പെടുത്തിയത്.
വർഷങ്ങൾക്കുമുൻപ് നടന്ന സംഭവമാണെങ്കിലും നടിയുടെ പരാതി കിട്ടിയില്ലെങ്കിലും പോലീസിന് അന്വേഷിക്കാതിരിക്കാനാവില്ല. സെക്രട്ടറിയേറ്റും പരിസരവും കന്റോൺമെന്റ് പോലീസ് സ്‌റ്റേഷന്റെ പരിധിയിലാണ്. അതുകൊണ്ട് അവരാണ് അന്വേഷണം നടത്തേണ്ടത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുതൽ സെക്രട്ടറിയേറ്റിൽ മാധ്യമ പ്രവർത്തകർക്കു പോലും കടുത്തനിയന്ത്രണമാണ് ഉള്ളത്.
ഈആരോപിക്കപ്പെടുന്ന സംഭവം നടക്കുമ്പോൾ നിയന്ത്രണം അത്ര ശക്തമാക്കിയിരുന്നില്ലെങ്കിലും സർക്കാർ സംവിധാനത്തിന്റെ ദുരുപയോഗം ആണ് നടന്നത് എന്ന് വ്യക്തം. ഇത് ഏറെ ഗൗരവമുള്ളതാണ്.
കനത്ത സുരക്ഷാ സംവിധാനമുള്ളതെന്നു പറയുന്ന സെക്രട്ടറിയേറ്റിൽ ലൈംഗികാതിക്രമമെന്ന ആരോപണം സർക്കാരിന് തള്ളിക്കളയാനാവില്ല.
സിനിമ, സീരിയൽ സംബന്ധമായ ആവശ്യങ്ങൾക്ക് സെക്രട്ടറിയേറ്റും പരിസരവുമൊക്കെ വിട്ടുനൽകുന്നതിൽ മാനദണ്ഡങ്ങൾ നിശചയിക്കേണ്ടി വരും എന്നതാണ് ഇതിന്റെ മറ്റൊരു ഫലം .
സെക്രട്ടറിയേറ്റ് ഷൂട്ടിങ് എന്ന് പറയുന്നത് , മുൻ ഭാഗവും, ഇടനാഴികളും പശ്ചാത്തലവും ഒക്കെയാണ്. വളപ്പിലെ ഏതെങ്കിലും ഭാഗത്തും ചിത്രീകരണം നടക്കാറുണ്ട്. സെക്രട്ടറിയേറ്റിൽ എന്ന രീതിയിൽ ചിത്രീകരിക്കപ്പെടുന്ന ഓഫീസ് സംവിധാനങ്ങൾക്കായി മറ്റെവിടെയെങ്കിലും സെറ്റിടുകയാണ് പതിവ് .