തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമ പരാമര്‍ശമുള്ള എല്ലാവരുടെയും പേര് പുറത്തുവരണമെന്ന് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (ഫെഫ്ക). സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക്കയിലെ അംഗങ്ങളുടെ അറസ്റ്റുണ്ടായാല്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും ഫെഫ്ക വ്യക്തമാക്കി. ‘അമ്മ’ എക്സി. രാജി വിപ്ലവകരമായ നവീകരണത്തിന്റെ തുടക്കമാവട്ടെയെന്നും ഫെഫ്ക ആശംസിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനുശേഷം ഫെഫ്കയുടെ ആദ്യപ്രതികരണത്തിലാണ് ഈ പരാമർശങ്ങൾ ഉള്ളത്.
കുറ്റാരോപിതരായ ഫെഫ്ക അംഗങ്ങളുടെ കാര്യത്തില്‍ പ്രധാന കണ്ടെത്തലോ അറസ്റ്റോ ഉണ്ടായാല്‍ വലിപ്പ ചെറുപ്പമില്ലാതെ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നാണ് ഫെഫ്ക പറയുന്നത്. പ്രത്യേക അന്വേഷണ സംഘത്തെ സമീപിക്കാനും നിയമനടപടികള്‍ സ്വീകരിക്കാനും അതിജീവിതരെ സഹായിക്കുമരുന്നും . അതിജീവിതകള്‍ക്ക് സഹായം നല്‍കാന്‍ സ്ത്രീ അംഗങ്ങളുടെ കോര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തുമെന്നും ഫെഫ്കയുടെ പ്രതികരണത്തിലുണ്ട്. അതിജീവിതകൾക്ക് ഭയാശങ്കകളെ അകറ്റാന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കും. ഫെഫ്ക പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഈ നിലപാടുള്ളത്.
ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയിന്മേൽ 354 ഐപിസി പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ശ്യാം സുന്ദര്‍ വ്യക്തമാക്കിയിരുന്നു.ആ സന്ദർഭത്തിൽ രഞ്ജിത്തിനെതിരെ ഉടന്‍ നടപടി ഇല്ലെന്നും അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് വ്യക്തമായാല്‍ മാത്രമായിരിക്കും നടപടിയെന്നുമാണ് ഫെഫ്ക പ്രതികരിച്ചത്.
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് സ്വാഭാവിക നടപടി എന്നായിരുന്നു ഫെഫ്കയുടെ ആദ്യ വിലയിരുത്തല്‍. ആരോപണത്തിന്റെ പേരിലും എഫ്ഐആര്‍ ഇട്ടതിന്റെ പേരിലും ആരെയും മാറ്റിനിര്‍ത്തില്ല എന്നതായിരുന്നു നിലപാട്.