ന്യൂഡൽഹി: സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ വേദനിപ്പിക്കുന്നുവെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. സത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ആക്രമണങ്ങൾക്ക് തടയിടുമെന്നും കുറ്റവാളികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ദ്രൗപദി മുർമു പറഞ്ഞു. കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതികരിക്കുകയായിരുന്നു അവർ.
” വനിതാ ഡോക്ടറുടെ കൊലപാതകം വളരെ വേദനയോടെയാണ് കേട്ടത്. പരിഭ്രമം ഉണ്ടാക്കുന്നതും ഭയപ്പെടുത്തുന്നതുമായ വാർത്തയായിരുന്നു. സ്ത്രീകളെ ബലഹീനരായും, ബുദ്ധി കുറഞ്ഞവരായുമാണ് ഒരു കൂട്ടർ കാണുന്നത്. അത്തരം ആളുകൾ സ്ത്രീകളെ ഒരു വസ്തുക്കളായി കണക്കാക്കുന്നു. എന്നാൽ സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഇനിയും വച്ചുപൊറുപ്പിക്കില്ല. കുറ്റവാളികൾ കർശന നടപടികൾ നേരിടേണ്ടി വരും.”- ദ്രൗപദി മുർമു പറഞ്ഞു.
‘ മതി, നിർത്തിക്കോളൂ’ എന്ന് കുറ്റവാളികൾക്കുള്ള താക്കീതും രാഷ്‌ട്രപതി പരസ്യ പ്രസ്താവനയിൽ കുറിച്ചിരുന്നു. സ്ത്രീകളും, മെഡിക്കൽ വിദ്യാർത്ഥികളും, ഡോക്ടർമാരും ഇന്ന് കൊൽക്കത്തയിലെ തെരുവുകളിൽ പ്രതിഷേധിക്കുകയാണ്. എന്നാൽ കുറ്റവാളികൾ ഇന്നും ഒളിവിലാണ്. പ്രതികളെ വെളിച്ചത്ത് കൊണ്ടുവന്ന് കടുത്ത നടപടി സ്വീകരിക്കണമെന്നും രാഷ്‌ട്രപതി വ്യക്തമാക്കി.
അതേസമയം വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൊൽക്കത്തയിൽ പ്രതിഷേധം ശക്തമായി തുടരുകയാണ്. സ്ത്രീ സുരക്ഷയെ കുറിച്ച് ബംഗാൾ സർക്കാരിനെ ഓർമ്മപ്പെടുത്താൻ നടത്തിയ നബന്ന അഭിജാൻ പ്രതിഷേധത്തിൽ വ്യാപക സംഘർഷമുണ്ടായി. ബിജെപി പ്രവർത്തകരെ തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടകൾ ആക്രമിക്കുകയും കല്ലെറിയുകയും ചെയ്തിരുന്നു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.















