കോഴിക്കോട്: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്നതിൽ ബദൽ നിർദേശവുമായി മെട്രോമാൻ ഇ ശ്രീധരൻ. റിസർവോയറിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം ശേഖരിക്കാനായി ടണലുകളും ചെറിയ ഡാമുകളും നിർമിക്കുകയാണെങ്കിൽ കേരളം നേരിടുന്ന ഭീഷണിക്ക് താത്കാലിക ആശ്വാസമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്‌നാട്ടിലേക്ക് വെള്ളം എത്തിക്കുന്നതിനായുള്ള ടണലുകൾ നിർമിക്കുകയാണെങ്കിൽ 50 വർഷത്തേക്ക് പുതിയ ഡാം നിർമിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ഡാം നിർമിക്കേണ്ടതില്ലെന്നാണ് തമിഴ്‌നാടിന്റെ വാദം. എന്നാൽ ഡാം ശക്തിപ്പെടുത്തുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നതിനാലാണ് പുതിയ ഡാം എന്ന നിർദേശം അധികൃതർ മുന്നോട്ട് വച്ചത്.
ടണൽ നിർമിക്കുന്നത് വഴി ഇത്തരം ആശങ്കകൾക്ക് പരിഹാരം കാണാൻ സാധിക്കുമെന്ന് ഇ ശ്രീധരൻ വ്യക്തമാക്കി. മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം എടുക്കുന്നതിൽ തമിഴ്‌നാടിന് മറ്റ് പ്രശ്‌നങ്ങൾ നേരിടേണ്ടി വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബദൽ നിർദേശം പ്രായോഗികമാണോയെന്ന് പരിശോധിക്കുമെന്ന് മുല്ലപ്പെരിയാർ സമരസമിതി ചെയർമാൻ ഷാജി. പി ജോസഫ് പറഞ്ഞു.















