എറണാകുളം: ലൈംഗികാതിക്രമ പരാതിയിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ വി കെ പ്രകാശ് ഹൈക്കോടതിയിൽ. ലൈംഗികാരോപണം ഉന്നയിച്ച യുവതി ഹണിട്രാപ്പ് കേസിൽ പ്രതിയാണെന്നും ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്നും വി കെ പ്രകാശിന്റെ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യം വ്യക്തമാക്കി ഡിജിപിക്കും അന്വേഷണ സംഘത്തിനും പരാതി നൽകിയിട്ടുണ്ടെന്നും വി കെ പ്രകാശ് പറഞ്ഞു.
യുവ തിരക്കഥാകൃത്തിനെ ഉപദ്രവിച്ചെന്ന പരാതി കെട്ടിച്ചമച്ചതാണ്. 2022ൽ ഇവർക്കെതിരെ ഹണിട്രാപ്പ് കേസ് പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതി തനിക്കെതിരായ ഗൂഡാലോചനയാണെന്നും ഇതിനെതിരെ കൃത്യമായ അന്വേഷണം നടത്തണമെന്നും വി കെ പ്രകാശ് ആവശ്യപ്പെട്ടു. നടന്മാർക്കും സംവിധായകന്മാർക്കും പരാതികളും വെളിപ്പെടുത്തലുകളും ഉയർന്ന ശേഷമുള്ള ആദ്യ മുൻകൂർ ജാമ്യ ഹർജിയാണിത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് വി കെ പ്രകാശിനെതിരെ ലൈംഗികാരോപണവുമായി യുവ തിരക്കഥാകൃത്ത് രംഗത്തെത്തിയത്. തിരക്കഥ കേൾക്കാമെന്ന വ്യാജേന തന്നെ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. സംഭവം പുറത്തു പറയാതിരിക്കാൻ 10,000 രൂപ അയച്ചു തന്നതായും യുവതി വെളിപ്പെടുത്തിയിരുന്നു.