ന്യൂഡൽഹി: രാജ്യത്തെ കാർഷിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് കേന്ദ്രം. കർഷകർക്ക് പിന്തുണ നൽകാനായി അഗ്രികൾച്ചർ ഇൻഫ്രാസ്ട്രച്ചർ ഫണ്ട് (എഐഎഫ്) വിപുലീകരിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭയാണ് അംഗീകാരം നൽകിയത്.
വിളവെടുപ്പിന് ശേഷം അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുന്നതിന് ദീർഘകാല സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന കേന്ദ്ര പദ്ധതിയാണ് എഐഎഫ്. പദ്ധതി പ്രകാരം 2 കോടി രൂപ വരെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി വായ്പയായി ലഭിക്കും. പ്രതിവർഷം 3 ശതമാനം പലിശ ഇളവുണ്ടാകും. ഏഴ് വർഷം വരെ പലിശയിളവ് ലഭിക്കും. വിപുലീകരണങ്ങളിങ്ങനെ..
കാർഷിക ആസ്തികൾ മെച്ചപ്പെടുത്തും: ‘കമ്മ്യൂണിറ്റി ഫാമിംഗ് ആസ്തികൾ നിർമ്മിക്കുന്നതിനുള്ള പ്രായോഗിക പദ്ധതികൾ’ എന്നതിന് കീഴിൽ വരുന്ന അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പദ്ധതിയിൽ യോഗ്യരായ എല്ലാ ഗുണഭോക്താക്കളെയും ഉൾപ്പെടുത്തും. തരിശുഭൂമികളിൽ സംഘം ചേർന്ന് കൃഷി ചെയ്യുന്ന രീതിയാണ് ‘കമ്മ്യൂണിറ്റി ഫാമിംഗ്’.
ഇന്റഗ്രേറ്റഡ് പ്രോസസിംഗ് പ്രോജക്ടുകൾ: പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്ന പ്രവർത്തനങ്ങളിൽ സംയോജിത പ്രൈമറി, സെക്കൻഡറി പ്രോസസ്സിംഗ് പ്രോജക്ടുകളും ഉൾപ്പെടുത്തും. എന്നാൽ സെക്കൻഡറി പ്രോജക്ടുകൾക്ക് മാത്രമായി പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. പകരം ഫുഡ് പ്രോസസിംഗ് ഇൻഡസ്ട്രീസ് മന്ത്രാലയത്തിന്റെ കീഴിലാകും ഇവയെ പരിഗണിക്കുക.
പിഎം കുസും യോജനയുടെ A ഘട്ടം: പിഎം കുസും യോജനയുമായി എഐഎഫിനെ സംയോജിപ്പിക്കും. കർഷകർ, കർഷകരുടെ സംഘം, കർഷക ഉൽപ്പാദക സംഘടനകൾ, സഹകരണ സ്ഥാപനങ്ങൾ, പഞ്ചായത്തുകൾ എന്നിവർക്ക് ഉപകാരപ്പെടും. 2 മെഗാവാട്ട് വരെ ശേഷിയുള്ള ചെറിയ സോളാർ പവർ പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിലൂടെ 10,000 മെഗാവാട്ട് സൗരോർജ്ജം ഉത്പാദിപ്പിക്കുന്നതാണ് പിഎം കുസും യോജനയുടെ ആദ്യ ഘട്ടം അഥവാ A ഘടകം. കാർഷിക അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം സുസ്ഥിരമായ ഊർജ്ജ മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കേന്ദ്രം ലക്ഷ്യമിടുന്നു.
NABസംരക്ഷകൻ: മൈക്രോ, ചെറുകിട സംരംഭങ്ങൾക്കായുള്ള ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റ് (CGTMSE) പുറമേ NABസംരക്ഷകൻ ട്രസ്റ്റി കമ്പനി പ്രൈവറ്റ് ലിമിറ്റഡ് വഴി ഫാർമേഴ്സ് പ്രൊഡ്യൂസർ അസോസിയേഷനുകൾക്ക് (എഫ്പിഒ) ക്രെഡിറ്റ് ഗ്യാരൻ്റി കവറേജ് നൽകുന്നു. എഫ്പിഒകളുടെ സാമ്പത്തിക സുരക്ഷയും വായ്പായോഗ്യതയും വർദ്ധിപ്പിക്കാനും അതുവഴി കാർഷിക അടിസ്ഥാന സൗകര്യ പദ്ധതികളിൽ കൂടുതൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ വിപുലീകരണം.
2020-ലാണ് എഐഎഫ് പദ്ധതി ആരംഭിക്കുന്നത്. ഇതുവരെ 6,623 വെയർഹൗസുകൾ, 688 കോൾഡ് സ്റ്റോറുകൾ, 21 സൈലോസ് പ്രോജക്ടുകൾ എന്നിവ സൃഷ്ടിക്കുന്നതിൽ പദ്ധതി നിർണായക പങ്ക് വഹിച്ചു. രാജ്യത്ത് ഏകദേശം 500 ലക്ഷം ടൺ അധിക സംഭരണ ശേഷി സൃഷ്ടിക്കാൻ പദ്ധതിക്കായി. എഐഎഫിന് കീഴിൽ ഇതുവരെ 74,508 പദ്ധതികൾക്കായി 47,575 കോടി രൂപ അനുവദിച്ചു. ഇതിൽ കാർഷിക മേഖലയിൽ 78,596 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു.
രാജ്യത്തെ കർഷകർ, കാർഷിക സംരംഭകർ, കർഷക സംഘങ്ങളായ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), സ്വയം സഹായ ഗ്രൂപ്പുകൾ (SHG), ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ, സഹകരണ സംഘങ്ങൾ, കാർഷിക സംരംഭകർ, സ്റ്റാർട്ടപ്പുകൾ എന്നിവയ്‌ക്ക് എഐഎഫ് സാമ്പത്തിക സഹായം നൽകുന്നു















