ലക്നൗ : മദ്രസയിൽ കള്ളനോട്ടടിച്ച കേസിൽ ഇസ്ലാം പുരോഹിതന്മാരടക്കം നാലു പേർ അറസ്റ്റിൽ . ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയിലെ അടർസൂയ മേഖലയിലാണ് സംഭവം. ജാമിയ ഹബീബിയ മസ്ജിദ്-ഇ-ആസാം എന്ന പേരിൽ നടത്തുന്ന മദ്രസയിലാണ് കള്ളനോട്ടുകൾ അച്ചടിച്ചത് . മദ്രസയിലെ മൗലവിമാരായ തഫ്‌സീറുൽ, സാഹിർ ഖാൻ , മുഹമ്മദ് ഷാഹിദ്,മുഹമ്മദ് അഫ്‌സൽ എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി മദ്രസയിൽ സംശയാസ്പദമായ പ്രവർത്തനങ്ങൾ നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പുറത്തുനിന്നുള്ള പലരും ഇവിടെ വന്ന് പോകാറുണ്ടായിരുന്നു. തുടർന്ന് പോലീസ് രഹസ്യമായി മദ്രസ നിരീക്ഷിച്ചിരുന്നു . സൂചനകൾ കൃത്യമാണെന്ന് ബോദ്ധ്യപ്പെട്ടതോടെ കഴിഞ്ഞ ദിവസം മദ്രസയിൽ റെയ്ഡ് നടത്തി . 100 രൂപയുടെ ഒന്നര ലക്ഷം കള്ളനോട്ടുകൾ മദ്രസയിൽ നിന്ന് കണ്ടെടുത്തു. പോലീസ് പരിശോധിക്കാനെത്തുമ്പോഴും ഇവിടെ കള്ളനോട്ട് അച്ചടി ഇവിടെ നടക്കുന്നുണ്ടായിരുന്നു.
അബ്ദുൾ സാഹിർ എന്ന സാഹിർ ഖാൻ ഒഡീഷ സ്വദേശിയാണ്. മദ്രസയിൽ പണ്ഡിതനാണ്. പഠനശേഷം സാഹിർ മദ്രസയിൽ തന്നെ പഠിപ്പിക്കാൻ തുടങ്ങുകയായിരുന്നു. എട്ടാം ക്ലാസ് പാസായ മുഹമ്മദ് ഷാഹിദ് മൗലവിയാകാൻ മദ്രസയിൽ എത്തിയിരുന്നെങ്കിലും പിന്നീട് വ്യാജ കറൻസി അച്ചടി റാക്കറ്റിൽ ചേരുകയായിരുന്നു. ഹൈസ്കൂൾ പാസ്സായ മൗലവി തഫ്സീറുലിന്റെ പിതാവും മദ്രസയിൽ പഠിപ്പിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി തങ്ങൾ കള്ളനോട്ട് അച്ചടിക്കുന്നുണ്ടെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞു.
ഒഡീഷയിലെ ഭദ്രക് സ്വദേശിയായ അബ്ദുൾ സാഹിറാണ് സഹോദരനിൽ നിന്ന് വ്യാജ നോട്ടുകൾ നിർമ്മിക്കുന്നതിനുള്ള പ്രിൻ്ററും മറ്റ് മെഷീനുകളും സ്വന്തമാക്കിയത് . ഏകദേശംഅഞ്ച് ലക്ഷം രൂപയുടെ കള്ളനോട്ടുകൾ ഇവർ അച്ചടിച്ച് വിതരണം ചെയ്തുവെന്നാണ് കണക്കാക്കുന്നത് . 100 രൂപയുടെ യഥാർത്ഥ നോട്ട് നൽകുന്നവർക്ക് 300 രൂപയുടെ വ്യാജനോട്ടുകളാണ് ഇവർ നൽകിയിരുന്നത് .