സിനിമയിൽ അഭിനയിക്കുന്ന നായകനും നായികയ്‌ക്കും തുല്യ വേതനം ലഭിക്കണം എന്ന ആവശ്യം പൂർണ്ണമായി പ്രാവർത്തികമാകില്ലെന്ന് നടി ഗ്രേസ് ആന്റണി. സിനിമ എന്നത് ഒരു ബിസിനസ് ആണ്. നായകനെക്കാൾ തന്റെ പേരിൽ സിനിമ വിറ്റു പോകുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം തുല്യ വേതനം ആവശ്യപ്പെടാം. തന്റെ പേരിൽ ഒരു സിനിമ വിറ്റുപോകില്ലെങ്കിൽ എങ്ങനെ നടന്റെ അതേ വേതനം ആവശ്യപ്പെടാൻ കഴിയുമെന്നും നടി ചോദിക്കുന്നു.
“നമ്മൾ ഒരു സിനിമയിൽ ജോയിൻ ചെയ്തെന്നു വെച്ചോ. ആ സിനിമ എടുക്കുന്നതിന് അതിന്റെ സംവിധായകനും തിരക്കഥാകൃത്തും പ്രൊഡക്ഷൻ ടീമും ഒരു സെല്ലിംഗ് പോയിന്റ് നോക്കിയിട്ടുണ്ടാവും. സിനിമ ഒരു ബിസിനസ് ആണ്. ഒരു നടൻ ഉണ്ടാവും. അദ്ദേഹത്തിന്റെ പേരിൽ ആയിരിക്കും ഈ സിനിമ വിൽക്കുന്നത്”.
“സിനിമയിൽ അഭിനയിക്കുന്ന നടന് ആ നടന്റെതായിട്ടുള്ള മാർക്കറ്റ് ഉണ്ട്. ഒരു സാറ്റലൈറ്റ് വാല്യു ഉണ്ടാവും. ബിസിനസ് സൈഡ് ഉണ്ടാവും. ആ സിനിമയിൽ നായികയായിട്ട് വരുന്നത് ഞാനാണെങ്കിൽ എങ്ങനെ തുല്യ വേതനം ചോദിക്കും. നായകന്റെ തുല്യ വേതനം എനിക്കും വേണമെന്ന് ഞാൻ പറഞ്ഞാൽ, താങ്കളുടെ പേരിൽ ഈ സിനിമ വിറ്റു പോകുമോ എന്ന് പ്രൊഡ്യൂസർ ചോദിക്കും. ആ ചോദ്യത്തിന് എനിക്ക് മറുപടിയില്ല”.
“ഒരു സിനിമ വിറ്റു പോകുന്നതിന് ആവശ്യമായ എല്ലാം കാണുന്നത് ആ നടനിൽ ആയിരിക്കും. സിനിമ വിറ്റു പോകാൻ മാത്രമുള്ള മാർക്കറ്റ് എനിക്കില്ല. ഞാൻ അഭിനയിച്ചാൽ വിറ്റുപോകും എന്ന രീതിയിൽ ഞാൻ വളർന്നാൽ, എന്നെ വെച്ച് സിനിമ ചെയ്യാൻ ഒരാൾ വന്നാൽ എനിക്ക് തുല്യ വേതനം ചോദിക്കാം. എനിക്ക് അർഹതപ്പെട്ട തുക ഞാൻ ഇപ്പോൾ വാങ്ങിക്കുന്നുണ്ട്. ഒരു സിനിമയിൽ അഭിനയിച്ചപ്പോൾ അതിലെ നായകനെക്കാൾ തുക എനിക്ക് കിട്ടിയിട്ടുണ്ട്. അതും ഒരു പോയിന്റാണ്. ഒരു സിനിമയിൽ അഭിനയിക്കുന്ന സഹനടന്, അല്ലെങ്കിൽ സഹ നടിക്ക് നായകന്റെ അത്രയും വേതനം കിട്ടില്ല. നമ്മുടെ പേരിൽ സിനിമ വിറ്റുപോകുന്ന ഒരു സാഹചര്യം വന്നാൽ, അപ്പോൾ മാത്രം നമുക്ക് തുല്യവേതനം ആവശ്യപ്പെടാം”- ഗ്രേസ് ആന്റണി പറഞ്ഞു.















