46 ക്രോമസോമുകളാണ് മനുഷ്യനുള്ളത്. ഇവ 23 ജോഡികളായാണ് നിലകൊള്ളുന്നത്. ഗർഭപാത്രത്തിൽ ഭ്രൂണം വളരുമ്പോൾ സ്ത്രീയിൽ നിന്നും പുരുഷനിൽ നിന്നും ക്രോമസോമുകൾ പാരമ്പര്യമായി ലഭിക്കുന്നു. ഓരോ ജോഡിയിലെയും ഒരു ക്രോമസോം മാതാവിൽ നിന്നും മറ്റൊന്ന് പിതാവിൽ നിന്നും ലഭിക്കുന്നു. X,Y ക്രോമസോമുകളാണ് മനുഷ്യരുടെ ലിംഗം നിർണയിക്കുന്നതും. രണ്ട് എക്സ് ക്രോമസോമുകൾ ചേർന്നാൽ സ്ത്രീ ലിംഗവും ഒന്ന് എക്സും മറ്റൊന്ന് വൈ ക്രോമസോമും ആണെങ്കിൽ അത് പുരുഷ ലിംഗമായിരിക്കും. ഈ വൈ ക്രോമസോം വമ്പൻ മാറ്റങ്ങൾക്ക് വിധേയമാകുന്നുവെന്നാണ് പഠനം പറയുന്നത്.
മനുഷ്യരാശി തന്നെ അപകടത്തിലാണോയെന്ന് സംശയിച്ചേക്കാം. എന്നാൽ അത്തരമൊരു സംശയം വേണ്ടെന്നാണ് നാഷണൽ അക്കാദമി ഓഫ് സയൻസിന്റെ പ്രൊസീഡിംഗ്‌സിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ജപ്പാനിലെ എലി ഇനമായ സ്പൈനികളിലാണ് പഠനം നടത്തിയത്. അവയുടെ വൈ ക്രോമസോമുകൾ നഷ്ടപ്പെട്ടങ്കിലും അവ അതിജീവിച്ചു. ഒപ്പം നഷ്ടപ്പെട്ട വൈ ക്രോമസോമിന് പകരം പുതിയ പുരുഷ നിർണയ ജീൻ പരിണമിച്ചതായും പഠനത്തിൽ പറയുന്നു. ഇത് വംശനാഷം തടയുന്നതിൽ പ്രധാന പങ്ക് വഹിച്ചേക്കാമെന്നാണ് പഠനം പറയുന്നത്.
180 ദശലക്ഷം വർഷങ്ങൾക്ക് മുൻപാണ് വൈ ക്രോമസോം രൂപപ്പെട്ടതെന്നാണ് പറയപ്പെടുന്നത്. ഇതിനിടയിൽ വൈ ക്രോമസോമിന് 900-ത്തിലേറെ സജീവ ജീനുകൾ നഷ്ടപ്പെട്ടു. ഇതേ സ്ഥിതി തുടർന്നാൽ 11 ദശലക്ഷം വർഷത്തിനുള്ളിൽ വൈ ക്രോമസോം പൂർണമായും നഷ്ടപ്പെട്ടേക്കാം. എന്നാൽ എക്സ് ക്രോമസോം ഈ സമയത്ത് ജീൻ ഉള്ളടക്കം സംരക്ഷിച്ചു. വൈ ക്രോമസോമിൽ 900-ത്തോളം സജീവ ജീനുകൾ നഷ്ടപ്പെട്ടപ്പോൾ വൈ ക്രോമസോമിൽ 55 സജീവ ജീനുകൾ കണ്ടെത്തി.