കോട്ടയം: സിനിമാ മേഖലയിലെ ലൈംഗികാരോപണങ്ങൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനെതിരെ കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അന്വേഷണ സംഘത്തിൽ മുഴുവനും വനിത ഉദ്യോഗസ്ഥർ തന്നെ വേണമെന്നും ആർക്കും അന്വേഷിക്കാം എന്ന മട്ടിലാണ് കാര്യങ്ങൾ പോകുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
സ്ത്രീകളാണ് പരാതിക്കാർ, അതുകൊണ്ട് തന്നെ പരാതിക്കാർക്ക് കാര്യങ്ങൾ തുറന്നുപറയാൻ കഴിയുന്ന അന്വേഷണ ഉദ്യോഗസ്ഥരാണ് സംഘത്തിൽ വേണ്ടത്. ഇത് പ്രസവ വാർഡ് എന്ന് പറഞ്ഞിട്ട് പുരുഷന്മാരെ കയറ്റി ഇരുത്തുന്നത് പോലെയായി. ബലാത്സംഗത്തിന് കേസെടുത്ത സാഹചര്യത്തിൽ എംഎൽഎ മുകേഷ് രാജിവെക്കണം.
വകുപ്പുകൾ ഏതൊക്കെയാണെന്ന് സർക്കാരിന് അറിയാം. കേസെടുക്കാൻ ധാർമികത ഉണ്ടെങ്കിൽ രാജിവെപ്പിക്കാൻ ധാർമികതയില്ലേയെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ചോദിച്ചു. ചോരുന്ന ധാർമികതക്കാണ് സിപിഎം മറ പിടിക്കുന്നത്. സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.