തിരുവനന്തപുരം: ലൈംഗികാതിക്രമ ആരോപണങ്ങൾ നേരിടുന്ന എംഎൽഎ മുകേഷ് കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ടെന്ന് കേരള ചലച്ചിത്ര വികസന സമിതി അദ്ധ്യക്ഷൻ ഷാജി എൻ കരുൺ. ചലച്ചിത്ര സമിതിയിൽ നിന്ന് രാജിവെക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ലെന്നും സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും ഷാജി എൻ കരുൺ പറഞ്ഞു. മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോൺക്ലേവിൽ മുകേഷ് പങ്കെടുക്കുന്നുണ്ട്. മുകേഷ് പദവിയിൽ തുടരുന്നത് സംബന്ധിച്ചുള്ള തീരുമാനം ഒന്നോ രണ്ടോ ദിവസത്തിനകം ഉണ്ടായിരിക്കും. സത്യസന്ധതയോടെയാണ് കോൺക്ലേവ് നടത്തേണ്ടത്. അതിൽ മാറ്റമൊന്നുമില്ല. കോൺക്ലേവിനെ കുറിച്ച് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ എല്ലാവർക്ക് മുന്നിലും അവതരിപ്പിക്കും. സ്വയം മാറി നിൽക്കേണ്ടതിനെ കുറിച്ച് മുകേഷാണ് തീരുമാനിക്കേണ്ടതെന്നും ഷാജി എൻ കരുൺ പറഞ്ഞു.
മുകേഷിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധം കനക്കുകയാണ്. എംഎൽഎ സ്ഥാനത്ത് നിന്ന് മാറി, നിയമനടപടികൾ നേരിടണമെന്ന് ചൂണ്ടിക്കാട്ടി യുവമോർച്ച തിരുവനന്തപുരത്ത് പ്രതിഷേധം നടത്തുന്നുണ്ട്. എന്നാൽ രാജി ഒഴിവാക്കാനായി മുഖ്യമന്ത്രി പിണറായി വിജയന് മുകേഷ് ഇന്നലെ വിശദീകരണ കത്ത് നൽകിയിരുന്നു. നടിയുടെ ആരോപണം ശരിയല്ലെന്നും നടി തന്നെ ബ്ലാക്ക്മെയിൽ ചെയ്തെന്നുമായിരുന്നു മുകേഷിന്റെ വാദം.















