മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഇല്ലെന്ന് നടൻ സുധീർ. ദിലീപ് പവർ ഗ്രൂപ്പിന്റെ തലവൻ എന്നൊക്കെയുള്ളത് വെറും ആരോപണങ്ങളാണ്. ഇപ്പോൾ മലയാള സിനിമ ഒരു ശുദ്ധീകരണത്തിലാണ്. വരാൻ പോകുന്നത് മലയാള സിനിമയുടെ നല്ല കാലമാണെന്നും സുധീർ മാധ്യമങ്ങളോട് പ്രതികരിച്ചു.
“ശുദ്ധികലശം നടത്തി സിനിമ നല്ല രീതിയിൽ വരും. സംഭവിച്ചതെല്ലാം നല്ലതിന്. എല്ലാം നല്ല രീതിയിൽ വരട്ടെ, ഗംഭീരമായി സിനിമ തിരിച്ചുവരും. ഇപ്പോൾ കാണുന്നത് ഒരു തടസ്സം മാത്രം. എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും, ആരുടെയെങ്കിലും ഭാഗത്തുനിന്ന് തെറ്റുണ്ടായിട്ടുണ്ടെങ്കിൽ അത് തിരുത്തപ്പെടും. ഇപ്പോൾ സംഭവിച്ചിരിക്കുന്ന കഷ്ടകാലത്തിൽ നിന്നും നല്ല കാലത്തിലേക്ക് മലയാള സിനിമ വരും”.
“അഭിപ്രായ വ്യത്യാസങ്ങൾ അന്ന് തിരുത്താത്തതിന്റെ പരിണിതഫലമാണ് ഇന്ന് കാണുന്നത്. ചെറിയ പ്രശ്നങ്ങൾ അന്ന് തന്നെ തിരുത്തിയിരുന്നുവെങ്കിൽ ഇന്ന് ഇത് സംഭവിക്കില്ലായിരുന്നു. പവർ ഗ്രൂപ്പിന്റെ തലവൻ ദിലീപ് ആണെന്നൊക്കെ പറയുന്നത് വെറുതെയാണ്. അങ്ങനെയൊരു പവർ ഗ്രൂപ്പ് ഒന്നുമില്ല. അതിനൊന്നും ആർക്കും നേരവുമില്ല. ഇതെല്ലാം കുറെ ചിന്താഗതികളുടെ പ്രശ്നമാണ്. ഇപ്പോഴാണ് പവർ ഗ്രൂപ്പ് എന്ന് കേൾക്കുന്നത്. അതിനെപ്പറ്റിയൊന്നും അറിയില്ല”-സുധീർ പറഞ്ഞു.















