എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഫിലിം ചേംബറിനും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും കത്ത് നൽകി നിർമാതാവ് സാന്ദ്ര തോമസ്. സംഘടനയെ എതിർത്തുകൊണ്ടല്ല, ഈ കത്ത് സമർപ്പിക്കുന്നതെന്നും സിനിമയിലെ സ്ത്രീകളെ സംരക്ഷിക്കുന്നതിനും തെറ്റുകൾ തിരുത്തുന്നതിനും വേണ്ടിയാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് സാന്ദ്രയുടെ കത്ത്.
താൻ ജോലി ചെയ്യുന്ന മേഖല ഇത്ര കണ്ട് സ്ത്രീവിരുദ്ധവും മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾ നടക്കുന്നയിടമാണെന്നും അറിയുന്നതിൽ കടുത്ത വിഷമമുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്ന് ദിവസങ്ങൾ കഴിയുമ്പോഴും സമൂഹത്തിൽ ചർച്ചയാകുമ്പോഴും സിനിമ സംഘടനകൾ ഒന്നും തന്നെ അഭിപ്രായം പറയുകയോ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയോ ചെയ്തിട്ടില്ല. ഇത് പൊതുസമൂഹത്തിന് കൂടുതൽ സംശയമുണ്ടാക്കുകയാണ്. കാതലായ മാറ്റങ്ങൾ തൊഴിലിടങ്ങളിൽ ഉണ്ടായേ തീരൂവെന്ന് സാന്ദ്ര ആവശ്യപ്പെട്ടു.
താരങ്ങളുടെ ഭീമമായ പ്രതിഫലം നിയന്ത്രിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചും സാന്ദ്ര തോമസ് പരാമർശിച്ചു. ശമ്പളത്തുക നിയന്ത്രിക്കുന്നത് ചർച്ചകളിലൂടെ മാത്രമേ മാറ്റാൻ സാധിക്കുകയുള്ളു. പ്രതിഫലം നിയന്ത്രിച്ചാൽ മാത്രമാണ് മറ്റ് നടീനടന്മാർക്ക് മാന്യമായ ശമ്പളം നൽകാൻ കഴിയൂവെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.
സിനിമ ലൊക്കേഷനുകളിൽ നടക്കുന്ന ക്രിമിനൽ സ്വഭാവമുള്ള കുറ്റങ്ങളും പ്രശ്നങ്ങളും ഒത്തുതീർപ്പാക്കാതെ പൊലീസിൽ പരാതി നൽകണം. സിനിമ സെറ്റുകളിൽ ഐസിസി രൂപീകരിക്കാൻ നടപടി സ്വീകരിക്കണം. ഐസിസിയിലെ അംഗങ്ങൾ സിനിമാ മേഖലയ്‌ക്ക് പുറത്തുള്ളവർ ആയിരിക്കണം. നിർബന്ധമായും ഒരംഗം സ്ത്രീയും സർക്കാർ പ്രതിനിധിയും ആയിരിക്കണമെന്നും സാന്ദ്ര കത്തിൽ ആവശ്യപ്പെട്ടു. അധികാര കേന്ദ്രങ്ങളിൽ സ്വാധീനമുള്ളവർ, രാഷ്‌ട്രീയ പ്രവർത്തകർ, ജാതി സംഘടനകളുടെ ഭാരവാഹികൾ എന്നിവർ സിനിമാ മേഖലയുമായി ബന്ധപ്പെട്ട അസോസിയേഷനുകളുടെ ഭാരവാഹിയാകാൻ പാടില്ലെന്ന കർശന വ്യവസ്ഥ കൊണ്ടുവരണമെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.















