തൃശൂർ: ഇരിങ്ങാലക്കുട നഗരസഭ ‘ശുചിത്വമിഷൻ അംബാസിഡർ’ സ്ഥാനം ഒഴിഞ്ഞ് ഇടവേള ബാബു. ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഇടവേള ബാബുവിനെ മാറ്റി നിർത്തണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ഷിയാസ് പാളയംകോട്ട് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനം ഒഴിയുന്നതായി ഇടവേള ബാബു നഗരസഭ ചെയർപേഴ്സനെ അറിയിച്ചത്.
“ശുചിത്വ അംബാസിഡർ” എന്ന നിലയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി പ്രവർത്തിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും നന്ദിയുണ്ടെന്നും ഇടവേള ബാബു അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി തന്റെ പേരിൽ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കേസ് നിയപരമായി മുന്നോട്ടു പോകേണ്ടതിനാൽ സ്ഥാനത്തുനിന്നും ഒഴിവാക്കി തരണമെന്നും നഗരസഭാ ചെയർപേഴ്സണ് അയച്ച കത്തിൽ താരം ആവശ്യപ്പെട്ടു.
തന്റെ പേരിൽ ആരോപിച്ചിട്ടുള്ള കുറ്റങ്ങളിൽ ഇരിങ്ങാലക്കുട നഗരസഭയ്‌ക്ക് കളങ്കം ഉണ്ടാകരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നതുകൊണ്ടാണ് സ്ഥാനമൊഴിയാൻ തീരുമാനിച്ചതെന്നും ഇടവേള ബാബു അറിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഇടവേള ബാബുവിനെതിരെ ലൈംഗിക ആരോപണം ഉയർന്നത്. ഇരിങ്ങാലക്കുട സ്വദേശിയും അമ്മ സംഘടനയുടെ മുൻ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു, മോശമായി പെരുമാറിയെന്നായിരുന്നു ജൂനിയർ ആർട്ടിസ്റ്റിന്റെ ആരോപണം.