ചെന്നൈ ; മലയാള സിനിമയിൽ ഹേമക്കമ്മിറ്റി റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ പല നടിമാരും തങ്ങൾ നേരിട്ട ലൈംഗികാതിക്രമങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു . എന്നാൽ തമിഴ് സിനിമയിൽ ഇത്തരം പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് വാർത്താവിതരണ മന്ത്രി സാമിനാഥൻ പറഞ്ഞു. മലയാള സിനിമാ മേഖലയിൽ നിന്ന് വ്യത്യസ്തമായി തമിഴ് സിനിമയിൽ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട പരാതികളൊന്നുമില്ല. . ഇത്തരം പരാതികൾ ലഭിച്ചാൽ നിയമാനുസൃതം ഉടനടി ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു .
എന്നാൽ മന്ത്രിയുടെ പ്രസ്താവനയെ തള്ളി പിന്നണി ഗായിക ചിന്മയി ശ്രീപ്രദ രംഗത്തെത്തി . മന്ത്രി കള്ളം പറയുകയാണെന്നാണ് ചിന്മയിയുടെ ആരോപണം. അതേസമയം തമിഴ് സിനിമാ മേഖലയിലെ ലൈംഗികാതിക്രമ പരാതികൾ പരിഹരിക്കാൻ നടികർ സംഘം അടുത്ത 10 ദിവസത്തിനുള്ളിൽ കേരളത്തിലെ ഹേമ കമ്മിറ്റിക്ക് സമാനമായ ഒരു പാനൽ രൂപീകരിക്കുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറിയും തമിഴ് നടനുമായ വിശാൽ പറഞ്ഞു. .
“ആർക്കും അവരുടെ പരാതികൾ ഫയൽ ചെയ്യാം. അടുത്ത 10 ദിവസത്തിനുള്ളിൽ ഞങ്ങൾ 10 അംഗ കമ്മിറ്റി രൂപീകരിക്കും. കമ്മറ്റിയിലെ അംഗങ്ങളെ അന്തിമമായി തീരുമാനിക്കാനുള്ള നടപടികൾ നടക്കുകയാണ് . സമിതിയെ ഔദ്യോഗികമായി ഉടൻ പ്രഖ്യാപിക്കും. നടികർ സംഘം പുരുഷന്മാർക്ക് മാത്രമല്ല, സ്ത്രീകളുടെ സുരക്ഷയ്‌ക്കും വേണ്ടിയാണ്. സിനിമാ മേഖലയിൽ സ്ത്രീകൾക്ക് വലിയ പങ്കുണ്ട്- വിശാൽ പറഞ്ഞു.
ഫോട്ടോഷൂട്ടിന്റെ മറവിൽ ഓഫീസും ക്യാമറയും സ്ഥാപിച്ച് സ്ത്രീകളെ വശീകരിക്കുക എന്ന അജണ്ട മാത്രമുള്ള വ്യാജ കമ്പനികളെ വിശ്വസിക്കരുതെന്നും സിനിമാ രംഗത്തേക്ക് കടന്നുവരുന്ന സ്ത്രീകൾ ജാഗ്രത പുലർത്തണമെന്നും വിശാൽ പറഞ്ഞു.